എരുമപ്പെട്ടി ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം ശനിയാഴ്ച; സിസിടിവിയും പങ്കാളികളാകും

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി രൂപീകരിച്ച എരുമപ്പെട്ടി ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം ശനിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് നടക്കും. സിസിടിവിയും പ്രവര്‍ത്തന പരിപാടികളില്‍ പങ്കാളികളാകും. വര്‍ദ്ധിച്ച് വരുന്ന ലഹരി വില്‍പ്പനയ്ക്കും ഉപയോഗത്തിനുമെതിരെ എരുമപ്പെട്ടി ഫൊറോന പള്ളി, എരുമപ്പെട്ടി ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍, ജനപ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടന പ്രതിനിധികള്‍, വായനശാല, വ്യാപാരി വ്യവസായി ഏകോപന സമിതി, പ്രസ് ക്ലബ്ബ്, ആക്ട്‌സ്, ലയണ്‍സ് ക്ലബ്ബ്, സ്‌കൂള്‍ പി.ടി.എ ഭാരവാഹികള്‍, മത സംഘടനാ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ജാഗ്രത സമിതി രൂപീകരിച്ചിട്ടുള്ളത്.

ശനിയാഴ്ച വൈകീട്ട് 4.30 ന് കടങ്ങോട് റോഡ് സെന്ററില്‍ നടക്കുന്ന പ്രവര്‍ത്തനോദ്ഘാടനം എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍ നിര്‍വ്വഹിക്കും. ജാഗ്രത സമിതി ചെയര്‍മാന്‍ ഫൊറോന വികാരി ഫാദര്‍ ജോഷി ആളൂര്‍ അധ്യക്ഷനാകും. കുന്നംകുളം പോലീസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ സി.ആര്‍.സന്തോഷ് മുഖ്യാതിഥിയാകും. ബഷീര്‍ അഷറഫി, മുല്ലക്കല്‍ ക്ഷേത്രം ദേവസ്വം ഓഫീസര്‍ പി.വി.ഹരികൃഷ്ണന്‍ എന്നിവര്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍, ബ്ലോക്ക് മെമ്പര്‍മാരായ എം.എം.സലിം, ഡോ.വി.സി. ബിനോജ് മാസ്റ്റര്‍, പഞ്ചായത്ത് മെമ്പര്‍മാരായ എം.സി.ഐജു, സതി മണികണ്ഠന്‍, എം.കെ. ജോസ്, റീന വര്‍ഗീസ്, സുധീഷ് പറമ്പില്‍, എരുമപ്പെട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ ജെ.എസ്.അശ്വനി, വടക്കാഞ്ചേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.പി.മധു, എരുമപ്പെട്ടി മഹല്ല് പ്രസിഡന്റ് കെ.എ.അബ്ബാസ്, ധന്വന്തരി ക്ഷേത്രം ദേവസ്വം ഓഫീസര്‍ വി.മുരളീധരന്‍, ഫൊറോന പള്ളി ട്രസ്റ്റി എം.വി.ഷാന്റോ, ജാഗ്രത സമിതി കണ്‍വീനര്‍ എം.വി.ബാബു മാസ്റ്റര്‍ എന്നിവരും വിവിധ സംഘടനകള്‍, ക്ലബ്ബുകള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. സി.സി.ടിവി നേതൃത്വത്തില്‍ ലഘുനാടകവും അരങ്ങേറും.

 

ADVERTISEMENT