ആധുനിക രീതിയില്‍ നിര്‍മ്മിച്ച എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 22 ന് രാവിലെ 10 മണിക്ക് കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വഹിക്കുമെന്ന് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മങ്ങാട് സെന്ററില്‍ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടക്കുന്ന വര്‍ണ്ണാഭമായ ഘോഷയാത്രയോടെയാണ് ഉദ്ഘാടന പരിപാടികള്‍ക്ക് തുടക്കമാകുന്നത്. എ.സി മൊയ്തീന്‍ എം.എല്‍.എ ചടങ്ങിന് അധ്യക്ഷനാകും. മുന്‍ പഞ്ചായത്ത് പ്രസിഡന്റ്മാരെയും മെമ്പര്‍മാരെയും ചടങ്ങില്‍ ആദരിക്കും. ആലത്തൂര്‍ എം.പി കെ. രാധാകൃഷ്ണന്‍ ആദരവ് നിര്‍വഹിക്കും. വടക്കാഞ്ചേരി എം.എല്‍.എ സേവിയര്‍ ചിറ്റിലപ്പിള്ളി, വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി.എന്‍ സുരേന്ദ്രന്‍, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി നഫീസ, തൃശ്ശൂര്‍ എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ഡി. സജു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആകും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടന പ്രതിനിധികളും പങ്കെടുക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.
27000 സ്‌ക്വയര്‍ ഫീറ്റ് ഉള്ള രണ്ടുനില കെട്ടിടമാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഗ്രൗണ്ട് ഫ്‌ളോറില്‍ പഞ്ചായത്ത് കാര്യാലയം, ഫസ്റ്റ് ഫ്‌ലോറില്‍ കൃഷിഭവന്‍, കുടുംബശ്രീ, ഗ്രാമസേവകന്‍, തൊഴിലുറപ്പ്, എന്‍ജിനീയര്‍ വിഭാഗങ്ങള്‍ തുടങ്ങി വിവിധ ഓഫീസുകളും പ്രവര്‍ത്തിക്കും.
എരുമപ്പെട്ടി പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാല്‍, സ്ഥിരം സമിതി അധ്യക്ഷരായ സുമന സുഗതന്‍, ഷീജ സുരേഷ്, ഇ.എസ് സുരേഷ്, എന്‍.പി അജയന്‍ എന്നിവര്‍ പങ്കെടുത്തു