പത്ത് ടീമുകൾ, ലക്ഷ്യം ഒന്ന്; ഐപിഎൽ പൂരത്തിന് ഇന്ന് കൊടിയേറ്റ്

നീണ്ട വർഷങ്ങളുടെ കിരീടവരൾച്ചയ്ക്ക് വിരാമമിട്ടുകൊണ്ടാണ് 2025 ഐപിഎൽ കിരീടത്തിൽ മുത്തമിട്ട് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സീസൺ അവസാനിപ്പിച്ചത്. കിരീടം നിലനിർത്തുകയെന്ന ഒറ്റ ലക്ഷ്യവുമായി തങ്ങളുടെ ആദ്യ മത്സരത്തിന് ഇന്ന് സ്വന്തം തട്ടകത്തിൽ ഇറങ്ങുകയാണ് ആർസിബി. ആദ്യ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദെരാബാദാണ് എതിരാളികൾ. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7:30-നാണ് മത്സരം ആരംഭിക്കുക. ഉദ്ഘാടന
മത്സരം മാത്രമല്ല, ഐപിഎൽ 19-ാം സീസണിന്റെ കലാശപ്പോരിനും വേദിയാകുന്നത് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം തന്നെയാണ്.

വർണാഭമായ ആഘോഷങ്ങളോ, നൃത്ത പരിപാടികളോ, സംഗീത വിരുന്നോ ഒന്നും തന്നെയില്ലാതെയാണ് ഇന്ന് പുതിയ സീസൺ തുടങ്ങുന്നത്. ആഘോഷ പരിപാടികൾ ഒഴിവാക്കി മത്സരം മാത്രം നടത്തിയാൽ മതിയെന്നുള്ള തീരുമാനം ബിസിസിഐ നേരത്തെ തന്നെ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ബെംഗളൂരു ഐപിഎൽ ചാമ്പ്യന്മാരായതിന് പിന്നാലെ ടീമിന്റെ വിജയാഘോഷങ്ങൾക്കിടെ ജൂൺ നാലിന് സ്റ്റേഡിയത്തിന്റെ പരിസരത്തുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേർക്ക് ജീവൻ നഷ്ട്ടമായിരുന്നു. അവരോടുള്ള ആധാര സൂചകമായാണ് ആഘോഷ പരിപാടികൾ ഒഴിവാക്കാൻ തീരുമാനിച്ചത്. ഒപ്പം സ്റ്റേഡിയത്തിൽ 11 ഇരിപ്പിടങ്ങൾ ഒഴിച്ചിടാൻ കർണാടക ക്രിക്കറ്റ് അസോസിയേഷനും മത്സരത്തിന് മുൻപ് പരിശീലനത്തിന് ഇറങ്ങുമ്പോൾ എല്ലാ താരങ്ങളും 11-ാം നമ്പർ ജേഴ്‌സി ധരിക്കുമെന്ന് ടീമും വ്യക്തമാക്കിയിട്ടുണ്ട്.

പത്ത് ടീമുകളാണ് ഐപിഎൽ പുതിയ സീസണിൽ അംഗത്തിനിറങ്ങുന്നത്. ഒന്നിനൊന്ന് മെച്ചം തന്നെയാണ് ഓരോ ടീമും. വമ്പൻ ട്രേഡിങ്ങും താരലേലത്തിനും ശേഷം ആരംഭിക്കുന്ന പോരാട്ടങ്ങൾക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകരും. അഞ്ച് തവണ വീതം കിരീടത്തിൽ മുത്തമിട്ട മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്‌സ്, മൂന്നവട്ടം വീതം ജേതാക്കളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഒരേയൊരു വട്ടംമാത്രം കിരീടം ഉയർത്തിയ സൺറൈസേഴ്‌സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, രാജസ്ഥാൻ റോയൽസ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവർക്കൊപ്പം കിരീടത്തിലേക്കെത്താൻ വെമ്പുന്ന പഞ്ചാബ് കിങ്‌സ്, ഡൽഹി ക്യാപിറ്റൽസ്, ലക്നൗ സൂപ്പർ ഗെയ്ന്റ്സ് എന്നി ഫ്രാഞ്ചൈസികളാണ് ഈ വർഷത്തെ പോരിനിറങ്ങുന്നത്. പുതിയൊരു ഐപിഎൽ കിരീട ജേതാവോ അതോ ഷെൽഫിലുള്ള ഐപിഎൽ കിരീടങ്ങളുടെ എണ്ണം കൂട്ടലോ എന്നതിന്റെ ഉത്തരത്തിനായി ടീമും ആരാധകരും കാത്തിരിക്കുകയാണ്.

ADVERTISEMENT