2000 നും 5000 രൂപയ്ക്കുമിടയില്‍ ഇടപാടുകള്‍; ലഹരിക്ക് വേണ്ടിയെന്ന് സംശയം, കടം കൊടുത്തതെന്ന് ഷൈന്‍

ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മൊഴികള്‍ വിശദമായി പരിശോധിച്ച് പൊലീസ്. ഷൈന്‍ ടോമിന്റെ അക്കൗണ്ടിലെ ചില ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ചില വ്യക്തികള്‍ക്ക് കൈമാറിയ 2000 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയിലുള്ള ഇടപാടുകളിലാണ് സംശയം. സമീപ കാലത്ത് ഇത്തരത്തില്‍ നടന്ന 14 പണ ഇടപാടുകളെ കുറിച്ച് വിശദമായ പരിശോധന നടത്തും. ഈ ഇടപാടുകള്‍ ലഹരിക്ക് വേണ്ടിയുള്ള പണം കൈമാറ്റമായിരുന്നോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ഈ ഇടപാടുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് താന്‍ പലര്‍ക്കും കടം കൊടുത്ത പണമാണിതെന്നാണ് ഷൈനിന്റെ വിശദീകരണം.

നാളെ വീണ്ടും ചോദ്യം ചെയ്യുന്നതിന് മുന്‍പ് ലഹരിക്കേസില്‍ ഷൈന്‍ ടോം ചാക്കോയുടെ മൊഴികള്‍ വിശദമായി പരിശോധിക്കുകയാണ് പൊലീസ്. ലഹരി ഉപയോഗത്തിലെ ശാസ്ത്രീയമായ സ്ഥിരീകരണത്തിന് വൈദ്യ പരിശോധന ഫലം ലഭിക്കാന്‍ കാത്തിരിക്കുകയാണ് അന്വേഷണസംഘം. ഹോട്ടലില്‍ തങ്ങിയത് ലഹരി ഉപയോഗിക്കാന്‍ എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഷൈനിന്റെയും കേസിലെ രണ്ടാം പ്രതി അഹമദ് മുര്‍ഷാദിന്റെയും ഫോണുകള്‍ വിശദ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഹോട്ടലുകളില്‍ താമസിച്ചിരുന്ന ദിവസങ്ങളില്‍ ഷൈനിനെ സന്ദര്‍ശിച്ചവരുടെ പട്ടികയും അടുത്തിടെ ഷൈന്‍ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ADVERTISEMENT