ചൂട് 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു; വേനല്‍ക്കാലത്ത് മാത്രം നേരിട്ടിരുന്ന കഠിനചൂട്

സംസ്ഥാനത്തു പകല്‍ താപനില സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നനിലയില്‍. മുന്‍ കാലങ്ങളില്‍ വേനല്‍ക്കാലത്തു മാത്രം നേരിട്ടിരുന്ന കഠിനമായ ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ഈമാസം 2ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയ 37 ഡിഗ്രി സെല്‍ഷ്യസ് ഇതേസമയത്തു രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന താപനിലയില്‍ ഒന്നായിരുന്നു. പല ജില്ലകളിലും ശരാശരിയെക്കാള്‍ 4 ഡിഗ്രി വരെ അധികം ചൂടാണ് അനുഭവപ്പെട്ടത്.

കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ രാത്രികാല താപനിലയും കൂടുതലായിരുന്നു. കനത്ത ചൂടില്‍ തുടര്‍ച്ചയായി വെയില്‍ ഏല്‍ക്കുന്നതും ജോലി ചെയ്യുന്നതും ശാരീരിക അസ്വസ്ഥതകള്‍ക്ക് ഇടയാക്കും. ഉയര്‍ന്ന ഈര്‍പ്പം കാരണം അനുഭവപ്പെടുന്ന ചൂട് യഥാര്‍ഥ താപനിലയെക്കാള്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരിക്കും. വിയര്‍പ്പ് ബാഷ്പീകരിക്കാത്തതിനാല്‍ ശരീരം തണുക്കാന്‍ വൈകുന്നതാണ് അസ്വസ്ഥതയ്ക്കു കാരണം. ശക്തിയേറിയ വെയില്‍ അള്‍ട്രാവയലറ്റ് സൂചിക ഉയരാന്‍ ഇടയാക്കും. വരും മാസങ്ങളിലും കഠിനമായ ചൂടിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍

ADVERTISEMENT