കുന്നംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം. അജണ്ടകള്‍ ചര്‍ച്ച ചെയ്യാതെ യോഗം പിരിച്ചുവിട്ടു. കുന്നംകുളം മധുരക്കുളത്തിനടുത്ത് സിവി ശ്രീരാമന്‍ സ്മാരക സാംസ്‌കാരിക നിലയത്തിനായി എംഎല്‍എ തുക അനുവദിച്ചത് സംബന്ധിച്ച അജണ്ട അവതരിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. സി വി ശ്രീരാമന്റെ പേരില്‍ ഒരു സ്മാരകം നിലനില്‍ക്കെ മറ്റൊരു സ്മാരകം കൂടി അദ്ദേഹത്തിന്റെ പേരില്‍ നിര്‍മ്മിക്കുന്നത് അനൗചിത്യം ആണെന്ന് ലബീബ് ഹസന്‍ പറഞ്ഞു. മുന്‍പ് മറ്റൊരിടത്ത് നിര്‍മിക്കാന്‍ ഉദേശിച്ച കെട്ടിടത്തിന് നഗരസഭ എന്‍ഒസി അനുവദിക്കുകയും പിന്നീട് റദ്ദാക്കുകയും ചെയ്തിരുന്നു. പുതിയതായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടത്തിന് പുതിയ എന്‍ഒസി അനുവദിച്ചിട്ടുണ്ടോ എന്ന് ലബീബ് ഹസന്‍ ചോദിച്ചു. എന്നാല്‍ ഇത്തരത്തില്‍ എന്‍ഒസി പഴയ കെട്ടിടത്തിന് അനുവദിച്ചിട്ടില്ലെന്ന് പറഞ്ഞ ചെയര്‍പേഴ്‌സണ്‍ അജണ്ട വായിക്കുന്നത് തുടരാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതോടെ നഗരസഭ ചെയര്‍പേഴ്‌സണ്‍ പച്ചക്കള്ളം പറയുകയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ ചെയര്‍പേഴ്‌സന്റെ ഡയസിനു മുന്നിലെത്തി പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ നഗരസഭ അധ്യക്ഷ ബെല്ലടിചു യോഗനടപടികള്‍ അവസാനിപ്പിച്ചു.