10 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കുന്നംകുളം നഗരസഭയുടെ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും വടക്കുഭാഗത്തേക്കുള്ള റോഡ് യാഥാര്‍ത്ഥ്യമാവുന്നു. ടി.കെ കൃഷ്ണന്‍ റോഡിലേക്കെത്തുന്ന പുതിയ റോഡ് സാക്ഷാത്കരിക്കാന്‍ നഗരസഭയിലെത്തി സ്ഥലമുടമകള്‍ ഭൂമിയുടെ ആധാരം കൈമാറി. ഇതോടെ റോഡുപണി വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമം ഉണ്ടാകുമെന്ന് ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ പറഞ്ഞു.
കോടികള്‍ വിലമതിക്കുന്ന സ്ഥലമാണ് നാടിന്റെ നന്മക്കായി ഉടമകള്‍ വിട്ടുനല്‍കിയത്. കുന്നംകുളത്തെ പഴയ കച്ചവടക്കാരായ കുന്നത്തെ അങ്ങാടി ചെമ്മണ്ണൂര്‍ വീട്ടില്‍ സി.സി ജോബ്, മാത്യു സക്കറിയ, വര്‍ഗീസ് സക്കറിയ എന്നീ സഹോദരങ്ങളാണ് നഗരസഭയുടെ പ്രധാന പദ്ധതിക്ക് സ്ഥലം നല്‍കിയത്.
9.85 സെന്റ് സ്ഥലത്തിന്റെ ആധാരമാണ് സി.സി ജോബ്, മാത്യു സക്കറിയ, വര്‍ഗീസ് സക്കറിയ എന്നിവരും കുടുംബാംഗങ്ങളും ചേര്‍ന്ന് ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, വൈസ് ചെയര്‍പേഴ്‌സണ്‍, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, കൌണ്‍സിലര്‍മാര്‍, സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് ആധാരം കൈമാറിയത്. ചടങ്ങില്‍ ഉടമകളെ നഗരസഭ ആദരിച്ചു.



