കുന്നംകുളത്ത് വീട് കുത്തിതുറന്ന് വന്‍ കവര്‍ച്ച, 30 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു.
കുന്നംകുളം – തൃശ്ശൂര്‍ റോഡില്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്നില്‍ താമസിക്കുന്ന റിട്ട.സര്‍വ്വേ സൂപ്രണ്ട് പരേതനായ ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച്ച രാത്രിയാണ് മോഷണം നടന്നിട്ടുള്ളത്. വീട്ടിലെ താഴത്തെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 30 പവനോളം സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ഭാര്യ പ്രീത മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ താഴത്തെ മുറിയില്‍ ഉണ്ടായിരുന്നുവെങ്കിലും ഒന്നും അറിഞ്ഞില്ല. ബന്ധുവീട്ടില്‍ പോയിരുന്ന മകന്‍ വ്യാഴാഴ്ച രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. താഴത്തെ മുറികളിലെ അലമാരകളും മുകളിലെ മുറികളിലെ അലമാരകളും കുത്തിപ്പൊളിച്ച നിലയിലാണ്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുന്നംകുളം പോലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.