കാണാതായ ചാലിശ്ശേരി സ്വദേശികളായ സഹോദരിമാരെ തിരുപ്പതിയില്‍ നിന്നും പോലീസ് കണ്ടെത്തി ചാലിശ്ശേരി ഏഴാം വാര്‍ഡ് കാരത്ത് തോട്ടം ചോലയില്‍ അമ്മിണി(76), അനുജത്തി ശാന്ത(68) എന്നിവരെയാണ് ഈ മാസം 20 മുതല്‍ കാണാതായത്. ഞായറാഴ്ച രാവിലെ 9 മണിക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനായാണ് ഇവര്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. മൊബൈല്‍ ഫോണുകള്‍ എടുക്കാതെ ക്ഷേത്ര ദര്‍ശനത്തിന് പോയ ഇരുവരെയും പിന്നീട് കാണാതാവുകയായിരുന്നു. ഞായറാഴ്ച രാത്രി പത്തിനും 11 നും ഇടയില്‍ ഇരുവരും ഗുരുവായൂര്‍ കെ എസ് ആര്‍ ടി സി ബസ്സ് സ്റ്റാന്റില്‍ ബസ് കാത്തിരിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരും പാലക്കാട് എത്തിയതായും അവിടെ നിന്നും കോയമ്പത്തൂര്‍ എത്തി തിരുപ്പതിയിലേക്ക് പോയതായും കണ്ടെത്തിയ ചാലിശ്ശേരി പോലീസ് സംഘം തിരുപ്പതി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. അന്തര്‍ സംസ്ഥാന പോലീസ് ഗ്രൂപ്പ് , തിരുപ്പതി പോലീസ് എന്നിവരുടെ സഹായത്തോടെയാണ് ഇരുവരേയും തിരുപ്പതിയില്‍ നിന്നും സുരക്ഷിതമായി കണ്ടെത്തിയത്. ചാലിശ്ശേരി എസ് എച്ച് ഒ കുമാര്‍, സബ് ഇന്‍സ്പക്ടര്‍ ശ്രീലാല്‍, ഡി വൈ എസ് പി ക്രൈം സ്‌ക്വാഡ് അംഗം അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ റഷീദ്, ജിതിന്‍ ബാബു എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്