മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലെത്തി. ആയിരങ്ങളാണ് കണ്ഠമിടറി മുദ്രാവാക്യം വിളിച്ച് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി ആലപ്പുഴയുടെ വഴിയോരങ്ങളില്‍ കാത്തുനില്‍ക്കുന്നത്. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്കാണ് വി എസിന്റെ ഭൗതികശരീരം കൊണ്ടുപോകുന്നത്. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ബീച്ചിലെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനം. പിന്നീട് വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും. സമരഭൂമിയില്‍ വി എസ് അന്ത്യവിശ്രമം കൊള്ളും. അതേ സമയം, സംസ്‌കാര സമയക്രമത്തില്‍ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. ജില്ലാകമ്മിറ്റിയിലെ പൊതുദര്‍ശനം അരമണിക്കൂറായി ചുരുക്കി.