എഴുത്തുകാരനും ഗ്രന്ഥശാലാ പ്രവര്‍ത്തകനെന്ന നിലയില്‍ കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാര ജേതാവുമായ എം.ശിവശങ്കരന്‍ (81) നിര്യാതനായി. പെരിങ്ങോട് ‘തണല്‍’ വസതിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച നടക്കും. ആറ് പതിറ്റാണ്ടിലേറെക്കാലം സാംസ്‌കാരിക പൊതുമണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന ശിവശങ്കരന്‍ മാഷ്, കുറച്ചുകാലമായി എഴുത്തും വായനയുമായി കഴിയുകയായിരുന്നു. പെരിങ്ങോട് യൂത്ത് ലൈബ്രറി പ്രസിഡന്റ്, പട്ടാമ്പി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം, ഞാങ്ങാട്ടിരി യുവകാഹളം ആര്‍ട്‌സ് ക്ലബിന്റെയും ജനകീയ വായനശാലയുടേയും പ്രവര്‍ത്തകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ സജീവമായിരുന്ന ശിവശങ്കരന്‍ മാസ്റ്റര്‍, സംഗീതജ്ഞന്‍, കഥാപ്രാസംഗികന്‍, നാടന്‍ കലാഗവേഷകന്‍, ഗ്രന്ഥകാരന്‍ തുടങ്ങിയ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
മധ്യവേനലവധിക്കാലത്ത് വള്ളുവനാട്ടിലെ കലാസമിതി വാര്‍ഷികങ്ങളിലും സ്‌കൂള്‍ വാര്‍ഷികാഘോഷ വേദികളിലും നിറസാന്നിധ്യമായിരുന്ന എം.എസ് എന്ന എം.ശിവശങ്കരന്‍ മാസ്റ്റര്‍, നാടന്‍ പാട്ടുകള്‍ സമാഹരിക്കുകയും വള്ളുവനാട്ടിലെ നാടന്‍ പാട്ടുകള്‍ എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. മികച്ച ഗവേഷക കൃതിക്കുള്ള കേരള ഫോക്ക്‌ലോര്‍ അക്കാദമിയുടെ പുരസ്‌കാരത്തിനും ഈ ഗ്രന്ഥം അര്‍ഹമായി. കുട്ടികള്‍ക്ക് കുറേ നാടന്‍ പാട്ടുകള്‍ എന്ന പേരില്‍ മറ്റൊരു ഗ്രന്ഥവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേരള ഫോക്ക്‌ലോര്‍ അക്കാദമിയില്‍ എക്‌സിക്യൂട്ടീവ് അംഗമായും അഞ്ച് വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തവനൂര്‍, എടപ്പാള്‍, കുമരനെല്ലൂര്‍, ചാത്തനൂര്‍, വട്ടേനാട് തുടങ്ങിയ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഭാഷാധ്യാപകനായിരുന്നു. വട്ടേനാട് ഗവ.സ്‌കൂളില്‍ നിന്നാണ് വിരമിച്ചത്.
ഭാര്യ: പത്മാവതി (റിട്ട.ടീച്ചര്‍).
മക്കള്‍: ജയന്‍ ശിവശങ്കരന്‍
(സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, കാലിഫോര്‍ണിയ),
ഡോ:അനൂപ് ശിവശങ്കരന്‍
(പ്രൊഫ:കലീഫ ഇന്റര്‍നാഷനല്‍ യൂണിവേഴ്‌സിറ്റി, അബുദാബി)