ഓണം ആഘോഷിക്കുന്നതിന്റെ പേരിൽ വിദ്യാർത്ഥികളെ വർഗീയമായി ചേരി തിരിക്കാനുള്ള ശ്രമവുമായി സ്കൂൾ അധ്യാപിക. പരാമർശത്തിനെതിരെ കുന്നംകുളം പോലീസിൽ പരാതി നൽകി ഡിവൈഎഫ്ഐ.’ ഓണാഘോഷം ബഹുദൈവ വിശ്വാസമാണെന്നും, അത് പ്രോത്സാഹിപ്പിക്കരുത് എന്നും രക്ഷിതാക്കൾക്കുള്ള വാട്ട്സ്ആപ്പ് ശബ്ദ സന്ദേശത്തിലാണ് അധ്യാപികയുടെ പരാമർശം.കല്ലുംപുറം സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപികയാണ് ഇത്തരം ഒരു സന്ദേശം രക്ഷിതാക്കൾക്ക് അയച്ചത്. മറ്റൊരധ്യാപികയും ഇത്തരം ഒരു ശബ്ദ സന്ദേശം രക്ഷിതാക്കൾക്ക് അയച്ചിട്ടുണ്ട്.അതിൽ കഴിഞ്ഞവർഷം ഓണം വിപുലമായി ആഘോഷിച്ചു എന്നും എന്നാൽ ഈ വർഷം ഏറ്റവും ചുരുങ്ങിയ രീതിയിൽ ഓണം ആഘോഷിച്ചാൽ മതിയെന്നാണ് മാനേജ്മെൻറ് തീരുമാനമെന്നാണ് പറയുന്നത്. കുട്ടികൾ ഓണാഘോഷത്തിന്റെ ഭാഗമാകുന്നത് തടയാൻ കെ.ജി. വിഭാഗം കുട്ടികൾക്ക് ആ ദിവസം അവധി കൊടുത്തിട്ടുണ്ടെന്നും സന്ദേശത്തിൽ പറയുന്നു. മലയാളികൾ ഒന്നാകെ ജാതി മത വ്യത്യാസമില്ലാതെ ആഘോഷിക്കുന്ന ഓണത്തെയാണ് ഇത്തരത്തിൽ മതത്തിൻറെ പേരിൽ മാറ്റിനിർത്താൻ ഒരു അധ്യാപിക തന്നെ ആഹ്വാനം ചെയ്യുന്നത്.അധ്യാപികയുടെ ശബ്ദ സന്ദേശം ഉൾപ്പെടെ നൽകിയാണ് ഡിവൈഎഫ്ഐ കടവല്ലൂർ നോർത്ത് മേഖല ഭാരവാഹികൾ കുന്നംകുളം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തുവാൻ വിദ്യാഭ്യാസ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.