ഇന്ത്യ- യുഎസ് വ്യാപാര കരാറിൽ പാർലമെന്റിൽ ഇന്നും പ്രതിപക്ഷം പ്രതിഷേധം തുടരും. വിഷയം സംബന്ധിച്ച് ഇരു സഭകളിലും ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നോട്ടീസ് നൽകും. രാജ്യത്തിന്റെ നിർണായകമായ ഒരു തീരുമാനം വിദേശ രാജ്യത്തെ പ്രസിഡന്റ് പറഞ്ഞ് അറിയേണ്ടിവരുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. ട്രംപിന് മോദി കീഴ്പ്പെട്ടുവെന്നും യുഎസ് പ്രസിഡന്റിന്റെ സമ്മർദത്തിന് പ്രധാനമന്ത്രി വഴങ്ങിയെന്നുമായിരുന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം വിമർശിച്ചത്. രാജ്യത്തെ കർഷകന്റെ സ്വപ്നങ്ങൾ ട്രംപിന് മുന്നിൽ മോദി അടിയറവ് വെച്ചുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
ഇരു രാജ്യങ്ങളിലും തമ്മിൽ വ്യാപാര കരാറിൽ ഏർപ്പെട്ടുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് സമൂഹമാധ്യമത്തിലൂടെ ആദ്യം അറിയിച്ചത്. ഇതിന് ശേഷം ട്രംപിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരണം നടത്തുക മാത്രമാണ് ഉണ്ടായത്. അല്ലാതെ കരാർ സംബന്ധിച്ച ഒരു വിവരവും കേന്ദ്രം പുറത്തുവിട്ടിട്ടില്ല. കരാർ സംബന്ധിച്ച് വ്യക്തത വരുത്താൻ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ പാർലമെന്റിന്റെ ഇരുസഭകളിലും പ്രസ്താവന നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. പകരം ഓൺലൈനായി ഒരു പ്രസ്താവന മാത്രമാണ് പുറത്തിറക്കിയത്. ഇതിലും കരാർ സംബന്ധിച്ച യാതൊരു വിവരങ്ങളും ഉണ്ടായിരുന്നില്ല.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് സഭയിൽ പ്രധാനമന്ത്രി മറുപടി പറയും. ഈ മറുപടിയിൽ വിവാദങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ മോദി മറുപടി പറഞ്ഞേക്കും. പീയുഷ് ഗോയലും സഭയിൽ പ്രസ്താവന നടത്തിയേക്കും.
അതേസമയം രാഹുൽ ഗാന്ധിയെ സഭയിൽ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നതും എം പിമാരുടെ സസ്പെൻഷനും ഉയർത്തി പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. പാർലമെന്റ് കവാടത്തിൽ പ്രതിപക്ഷ എംപിമാർ പ്രതിഷേധിക്കും.



