പത്മപ്രഭാ സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്

ഈ വര്‍ഷത്തെ പത്മപ്രഭാ സാഹിത്യ പുരസ്‌കാരത്തിന് കവിയും തിരക്കഥാകൃത്തും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ അര്‍ഹനായി. കവി വി. മധുസൂദനന്‍ നായര്‍ അധ്യക്ഷനും നിരൂപകന്‍ സുനില്‍ പി ഇളയിടം, നോവലിസ്റ്റ് ആര്‍ രാജശ്രീ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ലീലാകൃഷ്ണനെ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തതെന്ന് പത്മപ്രഭ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. എഴുപത്തി അയ്യായിരം രൂപയും പ്രശംസാപത്രവും പത്മരാഗക്കല്ല് പതിച്ച ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം. മുന്‍ എം.പിയും എഴുത്തുകാരനുമായ എം പി വീരേന്ദ്രകുമാര്‍, പിതാവ് പത്മപ്രഭാ ഗൗഡരുടെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയ സാഹിത്യ സമ്മാനമാണിത്. മലപ്പുറം ജില്ലയിലെ ആലങ്കോട് സ്വദേശിയായ ലീലാകൃഷ്ണന് എഴുത്തില്‍ അരനൂറ്റാണ്ടിന്റെ അനുഭവസമ്പത്തുണ്ട്. തിരക്കഥാകൃത്ത്, വാഗ്മി, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ്.

 

ADVERTISEMENT