പേരാമ്പ്രയിലെ അനൗൺസ്മെൻറ് വിവാദത്തിൽ എൽഡിഎഫ് കൺവീനറും സ്ഥാനാർഥിയുമായ ടിപി രാമകൃഷ്ണന് നോട്ടീസ്. യുഡിഎഫിൻ്റെ പരാതിയിലാണ് മാതൃകാ പെരുമാറ്റ ചട്ടത്തിൻ്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ നോട്ടീസ് അയച്ചിരിക്കുന്നത്. ഇടതുമുന്നണിയുടെ അനൗൺസ്മെൻറ് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമെന്ന പരാതിയിലാണ് വിശദീകരണം തേടിയത്. പേരാമ്പ്രയിലെ അനൗൺസ്മെൻ്റ് ഇതിനോടകം വിവാദമായിരിക്കുകയാണ്.
അതേസമയം, അനൗണ്സ്മെന്റ് ശബദം സിപിഎം നേതാവിന്റേതെന്ന് ആരോപിച്ച് യുഡിഎഫ് രംഗത്തെത്തി. അനൗണ്സ്മെന്റ് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ അടക്കം നല്കി മൈക്ക് പെർമിഷൻ എടുത്തതാണ് പ്രധാന തെളിവായത്. വാഹനം എൽഡിഎഫിന്റേത് അല്ല എന്ന് പറഞ്ഞ് കൈയ്യൊഴിഞ്ഞെങ്കിലും പരാതി നല്കാൻ സിപിഎം തയ്യാറായിട്ടില്ല. സംഭവത്തിൽ കേസെടുക്കാത്തത് പ്രതിഷേധാർഹമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിയ പ്രതികരിച്ചിരുന്നു. അനൗൺസ്മെന്റ് റെക്കോർഡ് ചെയ്തത് നടുവണ്ണൂരിലെ സ്റ്റുഡിയോയിൽ വച്ചാണെന്നും തെളിവുണ്ടെന്നും തെഹ്ലിയ പറഞ്ഞിട്ടുണ്ട്. ഫാത്തിമ തഹ്ലിയയെ പേരാമ്പ്രയിൽ സ്ഥാനാർത്ഥിയാക്കിയ മുസ്ലിംലീഗ് മതംപറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്മെന്റാണ് എൽഡിഎഫ് പ്രചാരണ വാഹനത്തിലുണ്ടായിരുന്നതെന്നാണ് പരാതി.



