കരിക്കാട് പാടശേഖരത്തിലെ കൃഷിയിടത്തില്‍ മുണ്ടകന്‍ കൃഷിക്കുള്ള നടീല്‍ ആരംഭിച്ചു

കടവല്ലൂര്‍ പഞ്ചായത്ത് കരിക്കാട് പാടശേഖരത്തിലെ 300 പറ കൃഷിയിടത്തില്‍ മുണ്ടകന്‍ കൃഷിക്കുള്ള നടീല്‍ ആരംഭിച്ചു. കൃഷിയിടം ഒരുക്കുന്നതിന് 3 തവണ പാടം ഉഴല്‍ നടത്തുകയും ഒരു തവണ നിരപ്പാക്കുകയും ചെയ്തിനുശേഷം മണ്ണിന്റെ അമ്ലാംശം കുറയ്ക്കാന്‍ നീറ്റുകക്ക വിതറുകയും വെള്ളം വാര്‍ത്തുകളയുകയും ചെയ്തു. ഇതിനായി കൃഷിവകുപ്പു സബ്‌സിഡി നിരക്കില്‍ നീറ്റുകക്ക വിതരണം ചെയ്തിരുന്നു. 8 മുതല്‍10 ദിവസത്തിനുള്ളില്‍ ആദ്യ വളപ്രയോഗം നടത്തും. ഇതിനിടയില്‍ തുലാമഴ കനത്താല്‍ കൃഷിക്കു തിരിച്ചടിയാകുമെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട് . ഇപ്പോഴത്തെ കാലാവസ്ഥ നെല്‍ ചെടികള്‍ക്കു അനുയോജ്യമാണെന്ന് കര്‍ഷകര്‍ പറഞ്ഞു. രണ്ടാഴ്ചയായി ലഭിച്ച വെയില്‍ ഞാറുകളുടെ മൂപ്പു പാകം ആകുന്നതിനും കരുത്ത് കൂട്ടുന്നതിനും സഹായിച്ചിട്ടുണ്ട്. പാടത്തു തന്നെ ഒരുക്കിയ ഞാറ്റടിയില്‍ വളര്‍ത്തിയ ഞാറുകളാണു പറിച്ചു നടുന്നത്.