പാലയൂരില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ എസ്‌ഐയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി പൊലീസ് റിപ്പോര്‍ട്ട്

തൃശൂര്‍ പാലയൂര്‍ സെന്റ് തോമസ് പള്ളിയിലെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള കരോള്‍ ഗാനാലാപനം തടഞ്ഞ ചാവക്കാട് എസ്‌ഐ വിജിത്തിന്റെ നടപടി നിയമപരമായി ശരിയാണെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കി. രാത്രി എട്ടു മണിക്ക് പള്ളി മുറ്റത്ത് കരോള്‍ ഗാനം പാടുന്നത് എസ്‌ഐ വിലക്കിയിരുന്നു. പള്ളി മുറ്റത്ത് മൈക്ക് ഉപയോഗിക്കാന്‍ അനുമതിയില്ലെന്ന് പറഞ്ഞാണ് എസ്‌ഐ താക്കീത് ചെയ്തത്. എന്നാല്‍, ഇക്കാര്യത്തില്‍ എസ്‌ഐയ്‌ക്കെതിരെ നടപടി വേണമെന്നായിരുന്നു സിപിഎം ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍, ഈ ആവശ്യം ഉള്‍പ്പെടെ തള്ളികൊണ്ട് വിജിത്തിന് അനുകൂലമായ റിപ്പോര്‍ട്ടാണ് പൊലീസ് നല്‍കിയത്. വിജിത്ത് ചെയ്തത് നിയമപരമായി ശരിയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മൈക്ക് ഉപയോഗിക്കാന്‍ അനുമതിയില്ലാത്തിനാലാണ് തടഞ്ഞതെന്നുമാണ് പൊലീസ് പറയുന്നത്. നിലവില്‍ ശബരിമല ഡ്യൂട്ടിയിലുള്ള വിജിത്തിനെ ഇതിനുശേഷം തൃശൂര്‍ എരുമപ്പെട്ടി എസ്‌ഐ ആയി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുമെന്ന് പള്ളി അധികൃതര്‍ വ്യക്തമാക്കി.

ADVERTISEMENT