ചാലിശേരിയില്‍ നടക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഇന്ത്യയിലെ ഗ്രാമീണ സ്ത്രീ സംരംഭകരുടെ ഏറ്റവും വലിയ വ്യാപാരോത്സവമായ ദേശീയ സരസ് മേള 2026 ജനുവരി 2 മുതല്‍ 11 വരെയാണ് ഉത്സവാന്തരീക്ഷത്തില്‍ നടക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള കുടുംബശ്രീ മിഷന് കേരളത്തില്‍ സംഘടിപ്പിക്കുന്ന പതിമൂന്നാമത് സരസ് മേള ചരിത്രത്തിലാദ്യമായാണ് ചാലിശ്ശേരിയിലെത്തുന്നത്. കേരളത്തിലേയും ഇതര സംസ്ഥാനങ്ങളിലെയും രുചിവൈവിധ്യം വിളമ്പുന്ന 30ലധികം സ്റ്റാളുകള്‍ അടങ്ങുന്ന 30000 ചതുരശ്രടി വിസ്തീര്‍ണ്ണമുള്ള മെഗാ ഇന്ത്യന്‍ ഫുഡ്കോര്ട്ടിന്റേയും, 17,000 ചതുരശ്രടിയുള്ള പ്രധാന വേദിയുടെയും, 52000 ചതുരശ്രടി വലിപ്പത്തിലുള്ള 250 പ്രദര്‍ശന വിപണന സ്റ്റാളുകള്‍ ഒരുക്കിയ പവലിയന് എന്നിവയുടെ പണികളും ബുധനാഴ്ച വൈകീട്ടോടെ പൂര്‍ത്തിയാകുമെന്ന് കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജരും ഇന്‍ഫ്രാസ്ട്രക്ചര്‍ വര്‍ക്കിങ് കണ്‍വീനറുമായ എന്‍ ശ്രീരേഖ സിസിടിവി യോട് പറഞ്ഞു.



