തിരുവനന്തപുരം ജില്ലാ ജയിലിൽ തടവുകാരനു മർദ്ദനം; പ്രതി വെന്റിലേറ്ററിൽ

ജില്ലാ ജയിലിൽ തടവുകാരനെ ജയിൽ ഉദ്യോഗസ്ഥർ ക്രൂരമായി മർദിച്ചുവെന്ന് പരാതി. പേരൂർക്കട മാനസിരാഗ്വേകേന്ദ്രത്തിലെ മുൻ താൽക്കാലിക ജീവനക്കാരനായിരുന്ന ബിജു ഗുരുതരാവസ്‌ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നാണ് ഡോക്‌ടർമാർ പറയുന്നത്.

സഹപ്രവർത്തകയെ ഉപദ്രവിച്ചെന്ന കേസിലാണ് പേരൂർക്കട പൊലീസ് ബിജുവിനെ 12ന് അറസ്‌റ്റ്‌ ചെയ്‌ത്‌ റിമാൻഡ് ചെയ്തത്. മാനസികപ്രശ്‌നങ്ങൾ ഉള്ളതിനാൽ തുടർചികിത്സ വേണമെന്ന് കോടതി നിർദേശമുണ്ടായിരുന്നു. 13ന് ജില്ലാ ജയിലിലെ ഓടയിൽ അബോധാവസ്‌ഥയിൽ കണ്ടുവെന്നു പറഞ്ഞാണ് ബിജുവിനെ ജയിൽ അധികൃതർ ആശുപത്രിയിൽ എത്തിച്ചതെന്നാണു പൊലീസ് പറയുന്നത്.

സ്കാനിങ്ങിൽ ആന്തരാവയവങ്ങൾക്കു മുറിവേറ്റേതു കണ്ടതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തി. അതേസമയം, ബിജുവിനെ മർദിച്ചിട്ടില്ലെന്നും ആശുപത്രിയിൽ എത്തിച്ച് സ്‌കാനിങ് നടത്തിയപ്പോഴാണ് പ്രശ്‌നങ്ങൾ കണ്ടെത്തിയതെന്നുമാണ് ജയിൽ അധികൃതർ പറയുന്നത്. സിസി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ഉണ്ടെന്നും അധികൃതർ പറഞ്ഞു.

ADVERTISEMENT