സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ചൊവ്വാഴ്ച പാലക്കാട് ചേരുന്ന നിര്‍ണായക യോഗത്തില്‍ സമരം സംബന്ധിച്ച നിര്‍ണായക തീരുമാനം കൈക്കൊള്ളും. മറ്റന്നാള്‍ സമര പ്രഖ്യാപനം നടത്തുമെന്ന് ബസ് ഉടമകള്‍ അറിയിച്ചു. മിനിമം ചാര്‍ജ് 15 രൂപയാണക്കണമെന്നാണ് പ്രധാന ആവശ്യം. യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രിയദര്‍ശിനി പദ്ധതി മൂലം സ്വകാര്യബസ് മേഖലയ്ക്ക് ഉണ്ടാകുന്ന നഷ്ടം പഠിച്ച് നിര്‍ദേശങ്ങള്‍ നല്‍കുവാന്‍ നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സ്വകാര്യ ബസ് മേഖലയ്ക്ക് വ്യവസായം നിലനിര്‍ത്താന്‍ പര്യാപ്തമല്ലെന്ന് ബസ് ഉടമകള്‍ അറിയിച്ചു. സ്വകാര്യ ബസുകളില്‍ കയറുന്ന സ്ത്രീകള്‍ക്ക് സീറോ ടിക്കറ്റ് സമ്പ്രദായം ഒരുക്കണം, ഡീസലിന് സബ്‌സിഡ് അനുവദിക്കണം, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണം എന്നതടക്കമുള്ള സ്വകാര്യ ബസുകളുടെ ആവശ്യങ്ങള്‍ക്കു കമ്മീഷന്റെ ഒരു ശുപാര്‍ശയും കാണുന്നില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവെക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി സംഘടനയുടെ സംസ്ഥാനസമിതി യോഗം സെപ്റ്റംബര്‍ എട്ടിന് പാലക്കാട് ചേരാന്‍ തീരുമാനമായി.



