പൂരനഗരം ഇനി പുലിക്കളി ആരവത്തിലേക്ക്; ഇറങ്ങുന്നത് 459 പുലികള്‍

ചരിത്രപ്രസിദ്ധമായ തൃശൂർ പുലിക്കളി ഇന്ന് നടക്കും. ഒൻപത് സംഘങ്ങളിലായി 459 പുലികളാണ് സ്വരാജ് റൗണ്ടിൽ ഇറങ്ങുക.വൈകിട്ട്‌ 4:30ന്‌ വെളിയന്നൂർ സംഘത്തിന്‌ സ്വരാജ്‌ റൗണ്ട്‌ തെക്കേ ഗോപുരനടയിൽ മേയർ എംകെ വർഗീസിൻ്റെ അധ്യക്ഷതയിൽ മന്ത്രിമാരും എംഎൽഎമാരും ചേർന്ന്‌ ഫ്ലാഗ്‌ ഓഫ്‌ ചെയ്യും. പിന്നാലെ നഗരം കീഴടക്കാൻ പുലികൾ എത്തി തുടങ്ങും. അയ്യന്തോൾ, കുട്ടൻകുളങ്ങര, സീതാറാം മിൽ ലെയ്‌ൻ, ചക്കാമുക്ക്‌, നായ്‌ക്കനാൽ, വിയ്യൂർ യുവജനസംഘം, ശങ്കരംകുളങ്ങര, വെളിയന്നൂർ ദേശം, പാട്ടുരായ്‌ക്കൽ എന്നീ ഒൻപത് സംഘങ്ങളാണ് നഗരത്തിലേക്ക് എത്തുക. ഒരു സംഘത്തിൽ 35 മുതൽ 51 വരെ പുലികളുണ്ടാകും. പുലികളിയോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം തൃശൂർ താലൂക്ക് പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുലിക്കളി പ്രമാണിച്ച് തൃശൂർ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. പകൽ രണ്ടുമുതൽ സ്വരാജ്‌ റ‍ൗണ്ടിലേക്കും അനുബന്ധ റോഡുകളിലേക്കും വാഹനങ്ങൾ പ്രവേശിപ്പിക്കില്ല. കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ചാലക്കുടി, എറണാകുളം ഭാഗത്തേക്കുള്ള എല്ലാ ബസുകളും കണ്ണംകുളങ്ങര ചിയ്യാരം വഴി സർവീസ് നടത്തണം. പടിഞ്ഞാറൻ മേഖലയിൽ നിന്ന് വരുന്ന കെഎസ്ആർടിസി ബസുകൾ പൂങ്കുന്നം ജങ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ശങ്കരയ്യർ റോഡിലൂടെ പൂത്തോൾ വഴി സ്റ്റാൻഡിൽ പ്രവേശിക്കണം. അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട ഭാഗങ്ങളിലേക്കുള്ള ഓർഡിനറി ബസുകൾ ശക്തൻ തമ്പുരാൻ സ്റ്റാൻഡിലെ താൽക്കാലിക സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിക്കണം.

കുന്നംകുളം ഭാഗത്തുനിന്ന്‌

കുന്നകുളം, കോഴിക്കോട്, ഗുരുവായൂർ, അടാട്ട്, തുടങ്ങി പൂങ്കുന്നംവഴി വരുന്ന എല്ലാ ബസുകളും പൂങ്കുന്നത്ത് റൂട്ട് അവസാനിപ്പിച്ച് പടിഞ്ഞാറേക്കോട്ട, അയ്യന്തോൾ സിവിൽ ലൈൻ, അയ്യന്തോൾ ഗ്രൌണ്ട്, ലുലു ജങ്ഷൻ വഴി തിരികെപോകണം.

ADVERTISEMENT