മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ജില്ല പഞ്ചായത്തും സംയുക്തമായി നിര്‍മ്മിക്കുന്ന പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ ആറാം വാര്‍ഡ് ഉപ്പുങ്ങല്‍ 21-ാം നമ്പര്‍ അങ്കണവാടിക്കായി നിര്‍മിച്ച തറ പാഴ്പുല്ലുകള്‍ വളര്‍ന്ന് കാടുപിടിച്ചു കിടക്കുന്നു. ഭരണ സമിതിയുടെ 3-ാം വാര്‍ഷികത്തിന്റെ ഭാഗമായി പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചതും നടപ്പിലാക്കുന്നതുമായ പദ്ധതികളില്‍ നിന്നും 30 പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ 2023 ഡിസംബര്‍ മുതല്‍ 2024 ഫെബ്രുവരി വരെ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ഉപ്പുങ്ങല്‍ 21 ആം നമ്പര്‍ അങ്കണവാടി നിര്‍മാണോത്ഘാടനം നടത്തിയത്. 2023 ഡിസംബര്‍ 23നായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചത്. സ്മാര്‍ട്ട് നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന അങ്കണവാടിക്ക് അരിമ്പനയില് പരേതനായ ആലുഹാജിയുടെ സ്മരണാര്‍ത്ഥം അരിമ്പനയില് സുലൈമാന്‍ ആണ് 10 അടി വഴിയോട് കൂടി 4 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയത്. കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് നല്‍കാനും അവരെ ഉല്ലാസഭരിതമാക്കാനും ആധുനിക സൗകര്യങ്ങളൊരുക്കുന്നതിനുമായി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് റഹീം വീട്ടിപറമ്പിലിന്റെ ഡിവിഷന് ഫണ്ടില്‍ നിന്നും അനുവദിച്ച തുകയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ടും സംയുക്തമായി 14.85 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്മാര്‍ട്ട് അംഗണവാടി പണിയുന്നത്. 690 സ്ക്വയര്‍ ഫീറ്റില്‍ ഒറ്റ നിലയില്‍ സിറ്റൗട്ട്, കിച്ചന്, സ്റ്റോര്‍, ടോയ്ലറ്റ് എന്നിവയോട് കൂടിയാണ് അംഗന്‍വാടി നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ 11 മാസം കഴിഞ്ഞിട്ടും തറപ്പണി മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. ഇതിനു മുകളില്‍ പാഴ്ച്ചെടികള് വളര്‍ന്നു കാടുപിടിച്ചു കിടക്കുന്ന അവസ്ഥയാണ്.