പ്രത്യേക വ്യോമപാതകൾ വഴി വിമാന സർവീസ്, കൊച്ചിയിലേക്കടക്കം പറക്കും, ഇന്ന് മുതൽ തുടങ്ങുമെന്ന് അറിയിച്ച് ഖത്തർ എയർവേയ്സ്

മേഖലയിൽ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ ഖത്തർ എയർവേയ്‌സ് ഭാഗികമായി പുനരാരംഭിച്ചു. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് മാർച്ച് 9 മുതൽ 11 വരെയുള്ള ദിവസങ്ങളിൽ പരിമിതമായ സർവീസുകൾ മാത്രമായിരിക്കും ഉണ്ടായിരിക്കുകയെന്ന് അധികൃതർ അറിയിച്ചു. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രത്യേക അനുമതി പ്രകാരമാണ് ഈ നടപടി. വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി പ്രത്യേക വ്യോമപാതകൾ വഴിയാണ് ഈ വിമാനങ്ങൾ സർവീസ് നടത്തുന്നത്.

നിലവിലെ വിമാന സർവീസുകളിലെ തടസ്സം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനും, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കഴിയുന്നത്ര വേഗത്തിലും സുരക്ഷിതമായും ഒത്തുചേരാൻ അവരെ സഹായിക്കുന്നതിനുമായാണ് പ്രത്യേക വിമാന സർവീസുകൾ നടത്തുന്നതെന്ന് ഖത്തർ എയർവേസ് അധികൃതർ വ്യക്തമാക്കി. മാർച്ച് 9-ന് ദോഹയിൽ നിന്നും സിയോൾ, മോസ്കോ, ലണ്ടൻ ഹീത്രോ, ന്യൂഡൽഹി, മാഡ്രിഡ്, ഇസ്ലാമാബാദ്, ബീജിംഗ്, പെർത്ത്, നെയ്‌റോബി എന്നീ നഗരങ്ങളിലേക്കാണ് സർവീസുകൾ. മാർച്ച് 10-ന് ദോഹയിൽ നിന്നും കൊച്ചി, മുംബൈ, ന്യൂഡൽഹി, കെയ്‌റോ, ലണ്ടൻ ഹീത്രോ, ജിദ്ദ, മനില, മസ്‌കറ്റ്, ഇസ്താംബുൾ, നെയ്‌റോബി, ഇസ്ലാമാബാദ്, മാഡ്രിഡ്, ഫ്രാങ്ക്ഫർട്ട്, കൊളംബോ, മിലാൻ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് വിമാനങ്ങൾ സർവീസ് നടത്തും. തിരികെ ദോഹയിലേക്കുള്ള ഈ വിമാനങ്ങളുടെ സർവീസുകൾ ഒരു ദിവസം കഴിഞ്ഞ് മാർച്ച് 10, 11 തീയതികളിൽ ആയിരിക്കും.

സാധാരണ വാണിജ്യ സർവീസുകൾ പൂർണ്ണമായി പുനരാരംഭിച്ചിട്ടില്ലെന്നും, നിലവിൽ പ്രഖ്യാപിച്ച വിമാനങ്ങൾ പ്രത്യേക സാഹചര്യം പരിഗണിച്ചുള്ളതാണെന്നും ഖത്തർ എയർവേയ്‌സ് വ്യക്തമാക്കിയിട്ടുണ്ട്. ഈ വിമാനങ്ങളിൽ ടിക്കറ്റുകൾ ഉറപ്പാക്കിയവർ മാത്രം വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്നാണ് അധികൃതരുടെ നിർദ്ദേശം. യാത്രക്കാർക്ക് അവരുടെ യാത്ര മാറ്റിവെക്കാനോ (14 ദിവസത്തിനുള്ളിൽ) അല്ലെങ്കിൽ ടിക്കറ്റ് തുക തിരികെ വാങ്ങാനോ അവസരമുണ്ടായിരിക്കും.

നേരെത്തെ, കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ മാതൃരാജ്യങ്ങളിലേക്ക് തിരികെ എത്തിക്കുന്നതിനായി മാർച്ച് 8 ന് ആംസ്റ്റർഡാം, ബെർലിൻ, ഫ്രാങ്ക്ഫർട്ട്, ലണ്ടൻ, സൂറിച്ച് എന്നിവിടങ്ങളിലേക്ക് ഖത്തർ എയർവേയ്‌സ് പ്രത്യേക വിമാന സർവീസുകൾ നടത്തിയിരുന്നു. കുടുംബങ്ങളുള്ള ഒറ്റപ്പെട്ട യാത്രക്കാർ, പ്രായമായ യാത്രക്കാർ, അടിയന്തിര മെഡിക്കൽ ആവശ്യങ്ങളുള്ളവർ എന്നിവർക്ക്‌ മുൻഗണന നൽകിക്കൊണ്ടായിരുന്നു സർവീസ്. മേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിക്കൊണ്ട് മാർച്ച് 9-ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അറിയിച്ചിട്ടുണ്ട്.

ADVERTISEMENT