30.2 C
Kunnamkulam
Wednesday, July 15, 2026
Home CCTV Desk രാഹുല്‍ഗാന്ധി തിങ്കളാഴ്ച കുന്നംകുളത്തെത്തും

രാഹുല്‍ഗാന്ധി തിങ്കളാഴ്ച കുന്നംകുളത്തെത്തും

രാഹുല്‍ഗാന്ധി തിങ്കളാഴ്ച കുന്നംകുളത്തെത്തും. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനായ് കുന്നംകുളത്ത് എത്തിച്ചേരുക.സ്വീകരണത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യുഡിഎഫ് നേതൃത്വം വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു.

തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചരണ ആവേശത്തിലേക്ക് തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് രാഹുല്‍ഗാന്ധി കുന്നംകുളത്തെത്തുക. ഏറ്റവും ഒടുവിലായി ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബഥനി സെന്റ് ജോണ്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ വന്നിറങ്ങുന്ന രാഹുല്‍ പൊതുസമ്മേളനവേദിയായി നിശ്ചയിച്ചിരിക്കുന്ന പഴയ ബസ്റ്റാന്‍ഡിലെക്കെത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. ഇതുമായി ബന്ധപ്പെട്ട റോഡ്‌ഷോ നടത്തുന്നില്ല.രാഹുല്‍ഗാന്ധി ആദ്യമായിട്ടാണ് കുന്നംകുളത്തെത്തുന്നത്. നേരത്തെ സഹോദരി പ്രിയങ്ക ഗാന്ധി, പിതാവ് രാജീവ് ഗാന്ധി, പിതൃമാതാവ് ഇന്ദിരാഗാന്ധി തുടങ്ങിയവരെല്ലാം കുന്നംകുളത്തെത്തി തിരഞ്ഞെടുപ്പ് റാലികളില്‍ സംബന്ധിച്ചിരുന്നു. രാഹുല്‍ ആദ്യമായി കച്ചവടനഗരിയിലെത്തുമ്പോള്‍ ആവേശകരമായ സ്വീകരണമാണ് ഒരുക്കുകയെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി.

മാളയില്‍ നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുത്ത ശേഷമാണ് രാഹുല്‍ കുന്നംകുളത്ത് എത്തുക. ഇവിടെ നടക്കുന്ന പ്രചരണ യോഗത്തില്‍ കുന്നംകുളത്തിന് പുറമേ സമീപ നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളും, പ്രവര്‍ത്തകരും സംബന്ധിക്കും.കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉജ്ജ്വലവിജയം നേടുമെന്നും യുഡിഎഫ് നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഐക്യജനാധിപത്യമുന്നണി തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാനും, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റുമായ അഡ്വ.സി.ബി.രാജീവ്, കെ.പി.സി.സി. മെംബര്‍ ജോസഫ് ചാലിശ്ശേരി, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി.ബാബു, കെ.ജയശങ്കര്‍, യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി വര്‍ക്കിംഗ് ചെയര്‍മാനും, സി.എം.പി. ജില്ല സെക്രട്ടറിയുമായ ജയ്‌സിംഗ് കൃഷ്ണന്‍, മൂസ്ലീം ലീഗ് ജില്ലാ സെക്രട്ടറിമാരായ കെ.സി. മൊയ്തുട്ടി, ഉസ്മാന്‍ കല്ലാട്ടയില്‍ എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!