പ്രതിപക്ഷ നേതാവിൻ്റെ താക്കീത് അനുസരിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭയിലെത്തി. രാഹുൽ നിയമസഭയിലെത്തരുതെന്ന നേതാക്കളുടെ താക്കീത് ലംഘിച്ചാണ് രാഹുലെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് രാഹുൽ നിയമസഭയിൽ എത്തിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് നേമം ഷജീറും രാഹുലിനൊപ്പമുണ്ടായിരുന്നു. നിയമസഭയിലേക്ക് പോകുമെന്ന് ചില കോൺഗ്രസ് നേതാക്കളെ രാഹുൽ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാസമ്മേളനത്തിന്‌ എത്തിയാൽ പ്രത്യേക ബ്ലോക്കിൽ ഇരുത്തുമെന്ന്‌ സ്‌പീക്കർ എ എൻ ഷംസീർ നേരത്തെ വ്യക്തമാക്കിയിരുന്നു. പാർലമെന്ററി പാർട്ടിയിൽ നിന്ന്‌ രാഹുലിനെ സസ്‌പെൻഡ്‌ ചെയ്‌തതായും പ്രതിപക്ഷ ബ്ലോക്കിൽ നിന്ന്‌ മാറ്റിയിരുത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിപക്ഷനേതാവിന്റെ കത്ത്‌ കിട്ടിയ സാഹചര്യത്തിലാണ് തീരുമാനമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

രാഹുലിന്റെ അവധി അപേക്ഷ ലഭിച്ചിട്ടില്ലെന്നും സ്‌പീക്കർ പറഞ്ഞിരുന്നു. പ്രതിപക്ഷ ബ്ലോക്കിന്റെ അവസാന കസേരയുടെ തൊട്ടടുത്തായിരിക്കും രാഹുലിന് കസേര നൽകുക. നിലവിൽ 15–ാം കേരള നിയമസഭയുടെ 14–ാം സമ്മേളനത്തിന് തുടക്കമായി. ഒക്‌ടോബർ 10 വരെയാണ് സഭ ചേരുക. മൂന്നുഘട്ടങ്ങളിലായാണ്‌ സമ്മേളനം. ഇന്ന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, മുൻ സ്‌പീക്കർ പി പി തങ്കച്ചൻ, വാഴൂർ സോമൻ എംഎൽഎ എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ച്‌ സഭ പിരിയും.

ADVERTISEMENT