ശബരിമല സീസണ് മുന്നോടിയായി ഉത്തരേന്ത്യന്‍ നാടോടി സംഘമെത്തി

 

ഗുരുവായൂര്‍ ഏകാദശി, ശബരിമല സീസണ് മുന്നോടിയായി ഉത്തരേന്ത്യന്‍ നാടോടി സംഘമെത്തി റെയില്‍വേ മേല്‍പ്പാലത്തിന് താഴെ തമ്പടിച്ചു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന രണ്ട് സംഘങ്ങളിലായി ഇരുപതോളം പേരാണ് ഉള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെത്തുമെന്നാണ് ഇവര്‍ പറയുന്നത്. സീസണ്‍ സമയത്ത് വര്‍ഷങ്ങളായി നൂറോളം വരുന്ന സംഘമാണ് ഗുരുവായൂരില്‍ എത്താറുള്ളത്. ചെറുതും വലുതുമായ ചെണ്ടകളും അനുബന്ധ സാമഗ്രികളും നിര്‍മ്മിച്ച് നടന്ന് വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്. ഇവര്‍ ഭക്ഷണം പാചകം ചെയ്യുന്നതും മലമൂത്ര വിസര്‍ജനം നടത്തുന്നതും മേല്‍പ്പാലത്തിന് താഴെയാണ്. വ്യത്തിഹീനമായ അന്തരീക്ഷത്തില്‍ കഴിയുന്നതിനാല്‍ ഇത്തരം സംഘം പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്താറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം സംഘങ്ങള്‍ക്കെതിരെ നാട്ടുകാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധമുണ്ട്. കഴിഞ്ഞ ദിവസം നഗരസഭ വിളിച്ചുചേര്‍ത്ത ശബരിമല സീസണ്‍ മുന്നോരുക്ക യോഗത്തില്‍ നാടോടി സംഘങ്ങളെ മേല്‍പ്പാലത്തിന് താഴെ തമ്പടിക്കാന്‍ അനുവദിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതെല്ലാം മറികടന്നാണ് നാടോടി സംഘം തമ്പടിച്ചിരിക്കുന്നത്. ആധിപത്യം ഉറപ്പിച്ച് കഴിഞ്ഞാല്‍ ഇവരെ ഒഴിപ്പിക്കുന്നത് നാട്ടുകാര്‍ക്കും നഗരസഭയ്ക്കും തലവേദനയാകും.

ADVERTISEMENT