പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ വനത്തിനുള്ളിലെ ബങ്കറിലെന്ന് സൂചന. തെക്കന്‍ കാശ്മീരിലെ വനമേഖലയില്‍ സൈന്യത്തിന്റെ പരിശോധന തുടരുകയാണ്. മനുഷ്യസാന്നിധ്യം കണ്ടെത്തുന്ന ഡ്രോണ്‍ പരിശോധന രാത്രിയില്‍ നടത്തിയെങ്കിലും സൂചനകള്‍ ഒന്നും കിട്ടിയില്ല. ഇതോടെയാണ് ഭീകരര്‍ വനത്തിനുള്ളിലെ ബംഗറില്‍ ഒളിച്ചിരിക്കുന്നു എന്ന സംശയം സൈന്യത്തിന് ഉണ്ടായത്. ബങ്കറിനുള്ളില്‍ ആവശ്യമായ ഭക്ഷണം മുന്‍കൂട്ടി കരുതിയിരുന്നു എന്നും സംശയമുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തിലെ പ്രതികള്‍ക്കായി പതിനൊന്നാം ദിവസവും തെരച്ചില്‍ തുടരുകയാണ്. അനന്ത്‌നാഗ് മേഖല കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടക്കുന്നത്. ഭീകരരുടെ ആയുധങ്ങള്‍ വനമേഖലയില്‍ ഉപേക്ഷിച്ചോ എന്നത് സംബന്ധിച്ചും തെരച്ചില്‍ തുടരുകയാണ്. മനുഷ്യ സാമീപ്യം തിരിച്ചറിയാന്‍ കഴിയുന്ന പരിശീലനം നേടിയ നായകളെ അടക്കം സൈന്യം വനത്തിനുള്ളില്‍ തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. വനമേഖലയോട് ചേര്‍ന്ന് ഗുജ്ജറുകള്‍ വേനല്‍ക്കാലത്ത് ഉപയോഗിക്കുന്ന മണ്‍വീടുകളിലും സൈന്യം പരിശോധന നടത്തി. അതിര്‍ത്തിയില്‍ കൂടുതല്‍ സായുധ സേനയെ വിന്യസിക്കുന്ന നടപടിയും തുടരുന്നുണ്ട്. ശ്രീനഗറില്‍ അടക്കം കനത്ത ജാഗ്രത തുടരുകയാണ്.