സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനുമായി നിരവധി പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരും എല്ലാ സംസ്ഥാന സര്‍ക്കാരുകളും പ്രഖ്യാപിക്കാറുണ്ട്. പക്ഷേ നമ്മുടെ നാട്ടിലെ സ്ത്രീകള്‍ സുരക്ഷിതരാണോ എന്ന് ചോദിച്ചാല്‍, ഒരു നിമിഷം ആലോചിക്കേണ്ടി വരും. നിലവില്‍ മധ്യപ്രദേശില്‍ നിന്നുള്ള കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ഇന്നും സമൂഹത്തില്‍ നിന്നും ജാതി അടിസ്ഥാനമാക്കിയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും നിലനില്‍ക്കുന്നുണ്ടെന്ന് കൃത്യമായി ഊട്ടിയുറപ്പിക്കുന്ന വിവരങ്ങളാണ് നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടത്. എസ്‌സി/ എസ്ടി വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ സംസ്ഥാനത്തെ സ്ത്രീകള്‍ എത്രമാത്രം സുരക്ഷിതരാണ് എന്ന കാര്യത്തില്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
എംഎല്‍എ ആരിഫ് മുഹമ്മദിന്റെ ചോദ്യത്തിന് സര്‍ക്കാര്‍ നല്‍കിയ കണക്ക് 2022നും 2024നും ഇടയില്‍ എസ്‌സി/ എസ്ടി വിഭാഗത്തിലുള്ള സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളുടെ കണക്കുകളാണ്. 7418 പീഡന കേസുകളാണ് ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതായത് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഓരോ ദിവസവും മധ്യപ്രദേശില്‍ അതിക്രമത്തിന് ഇരയാവുന്നത് ഏഴോളം എസ്‌സി/എസ്ടി സ്ത്രീകളാണ്. ഇതേ വിഭാഗത്തിലുള്ള 558 സ്ത്രീകളാണ് കൊല്ലപ്പെട്ടതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 338 പേര്‍ കൂട്ടബലാത്സംഗത്തിന് ഇരയായവരാണ്.
ഇതുമാത്രമല്ല ഗാര്‍ഹിക പീഡനത്തിന്റെയും ലൈംഗികമായ അതിക്രമത്തിന്റെയും കണക്കുകളും ഇതിലൂടെ വ്യക്തമാകുന്നുണ്ട്. 1906ലധികം എസ്‌സി/എസ്ടി സ്ത്രീകളാണ് ഈ കാലയളവില്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായത്. അതായത് ഓരോ ദിവസവും സ്വന്തം വീട്ടില്‍ അതിക്രമത്തിന് ഇരയാകുന്നത് രണ്ട് എസ്‌സി/എസ്ടി സ്ത്രീകളാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
5, 983 കേസുകളാണ് ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ എസ്‌സി/എസ്ടി വിഭാഗത്തിലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 44, 978 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മധ്യപ്രദേശില്‍ ഒരു ദിവസം ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 41 കേസുകളാണ്. മധ്യപ്രദേശിലെ ജനസംഖ്യയില്‍ 38 ശതമാനമാണ് എസ്‌സി/എസ്ടി വിഭാഗം. ഇതില്‍ 16 ശതമാനം എസ്‌സിയും 22 ശതമാനം എസ്ടി വിഭാഗത്തിലും ഉള്‍പ്പെട്ടവരാണ്.