32 C
Kunnamkulam
Tuesday, September 8, 2026
Home CCTV Desk കനത്ത ചൂട് തുടരുന്നു; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ദുരന്തനിവാരണ അതോറിറ്റി

കനത്ത ചൂട് തുടരുന്നു; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ദുരന്തനിവാരണ അതോറിറ്റി

18

കനത്ത ചൂടില്‍ വലഞ്ഞ് കേരളം. ഇന്നലെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 36.2 ഡിഗ്രി സെല്‍ഷ്യസ് ആണ്. നാളെ കൂടി സംസ്ഥാനത്ത് കനത്ത ചൂട് തുടരും. സാധാരണയേക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത് കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിറ്റി ജനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. മറ്റന്നാള്‍ മുതല്‍ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ ലഭിച്ചേക്കും. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ ഇന്നലെ മിക്കയിടത്തും ഒരു മണിക്കൂര്‍ വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ചൂട് കൂടിയതിനാല്‍ വൈദ്യുതി ആവശ്യകത കൂടിയെന്നാണ് കെ എസ് ഇ ബിയുടെ വിശദീകരണം. കെ എസ് ഇ ബി കണക്കുകൂട്ടിയത് 800 മെഗാ വാട്ട് വരെ വര്‍ധനയാണ്. ആവശ്യത്തിനനുസരിച്ച് പീക്ക് സമയത്ത് പുറത്ത് നിന്ന് വൈദ്യുതി കിട്ടാനില്ലെന്നതാണ് പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നത്. ഹ്രസ്വകാല കരാറുകള്‍ ആകാത്തതും തത്സമയ വിപണിയില്‍ ഉയര്‍ന്ന വിലയും വെല്ലുവിളിയായി തുടരുകയാണ്. ഈ മാസത്തേയ്ക് ടെന്‍ഡര്‍ വിളിച്ചെങ്കിലും പീക്ക് സമയത്ത് ഒരു കമ്പനിയും വന്നിട്ടില്ല. ഇന്നലത്തേതിന് സമാന സ്ഥിതിയെങ്കില്‍ ഇന്നും നിയന്ത്രണത്തിന് സാധ്യതയുണ്ടെന്നാണ് കെ എസ് ഇ ബി പറയുന്നത്. അതേസമയം കനത്ത ചൂടില്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!