കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്ന കടങ്ങോട് പഞ്ചായത്തിലെ മരത്തംകോട് എ.കെ.ജി റോഡിലെ രൂക്ഷമായ വെള്ളകെട്ടിനെ തുടര്‍ന്ന് നാട്ടുകാര്‍ ചൂണ്ടയിട്ട് പ്രതിഷേധിച്ചു. കാല്‍ നടയാത്ര പോലും ദുസ്സഹമായിരിക്കുകയാണ്. മത്തംകോട് എല്‍.പി, യു.പി സ്‌കൂള്‍ , ഹയര്‍ സെക്കന്ററി സ്‌കൂള്‍ , കോണ്‍കോഡ് സ്‌കൂള്‍ തുടങ്ങിയ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ കാല്‍നടയായും വാഹനങ്ങളിലും യാത്ര ചെയ്യുന്ന വഴിയാണിത്. സമീപത്തെ ആശുപത്രിയിലേക്ക് പ്രദേശത്തുകാര്‍ക്ക് എത്താനുള്ള എളുപ്പ മാര്‍ഗ്ഗവുമാണ്.
റോഡിന്റെ ഇരുവശങ്ങളിലും കാനകളില്ലാത്തതിനാല്‍ മഴപെയ്താല്‍ റോഡിലെ വെള്ളം, താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്കും കിണറുകളിലേക്കും ഒഴുകുന്നതായും നാട്ടുകാര്‍ പരാതിപ്പെട്ടു . റോഡിലെ കുഴിയില്‍ വീണുള്ള അപകടങ്ങളും നിത്യസംഭവമാണ്. റോഡില്‍ ചൂണ്ടയിട്ടു നടത്തിയ പ്രതിഷേധ സമരം പെരുമ്പിലാവിലെ പൊതുപ്രവര്‍ത്തകന്‍ എം.എ. കമറുദീന്‍ ഉദ്ഘാടനം ചെയ്തു. നാട്ടുകാരായ സി.സി ബാബു , മോഹിനി ബാബു എന്നിവര്‍ നേതൃത്വം നല്‍കി.



