അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെയാണ് അപ്രതീക്ഷിത പ്രഖ്യാപനം. ബ്രിസ്ബന്‍ ടെസ്റ്റിന് ശേഷം രോഹിത് ശര്‍മയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 106 ടെസ്റ്റില്‍ നിന്ന് 537 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 116 ഏകദിനത്തില്‍ 156 വിക്കറ്റും 65 ട്വന്റി 20യില്‍ 72 വിക്കറ്റും സമ്പാദിച്ചു. ടെസ്റ്റില്‍ 6 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ആകെ 3503 റണ്‍സ്.
2010 ജൂണിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. 2011ല്‍ ഏകദിന ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമംഗമായിരുന്നു അശ്വിന്‍. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ താരവും (11) അശ്വിന്‍ തന്നെ. അനില്‍ കുംബ്ലേക്ക് ശേഷം ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളറും അശ്വിനാണ്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളില്‍ ഏഴാമതുണ്ട് അശ്വിന്‍. ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരയിലാണ് അശ്വിന്‍ അവസാനമായി കളിച്ചത്. മൂന്ന് ടെസ്റ്റില്‍ നിന്ന് ഒമ്പത് വിക്കറ്റ് മാത്രമാണ് അശ്വിന്‍ വീഴ്ത്തിയത്.