25.5 C
Kunnamkulam
Saturday, September 12, 2026
Home National അടിയന്തരാവസ്ഥയെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍; സഞ്ജയ് ഗാന്ധിയ്ക്കും വിമര്‍ശനം

അടിയന്തരാവസ്ഥയെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍; സഞ്ജയ് ഗാന്ധിയ്ക്കും വിമര്‍ശനം

62

ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ രൂക്ഷമായി വിമര്‍ശിച്ച് ലോക്‌സഭാ എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. നീണ്ട 21 മാസം എല്ലാ മൗലികാവകാശങ്ങളും റദ്ദാക്കപ്പെട്ടെന്നും ഇന്ത്യയുടെ അടിസ്ഥാന ഭരണഘടനാ തത്വങ്ങളെല്ലാം ഇല്ലാതാക്കപ്പെട്ടുവെന്നും തരൂര്‍ കുറ്റപ്പെടുത്തി. അന്നത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്നും, നമ്മള്‍ ഇന്ന് കൂടുതല്‍ ശക്തമായ ജനാധിപത്യമുള്ള, അഭിവൃദ്ധിയുണ്ടായ രാജ്യമായി മാറിയെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. ‘പ്രൊജക്റ്റ് സിന്‍ഡിക്കേറ്റ്’ എന്ന പ്രസിദ്ധീകരണത്തിലെഴുതിയ കുറിപ്പിലായിരുന്നു തരൂരിന്റെ വിമര്‍ശനം.

അടിയന്തരാവസ്ഥയെക്കുറിച്ച് പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം നിശബ്ദത പാലിക്കുമ്പോഴാണ് പാര്‍ട്ടിയെ വെട്ടിലാക്കിയേക്കാവുന്ന നിലപാടുമായി തരൂര്‍ രംഗത്ത് വന്നിരിക്കുന്നത്. കുറിപ്പില്‍ ഇന്ദിരാ ഗാന്ധിയുടെ പേരെടുത്തുപറഞ്ഞാണ് തരൂര്‍ അടിയന്തരാവസ്ഥയെ വിമര്‍ശിക്കുന്നത്. കര്‍ശനവും ക്രൂരവുമായ ഇത്തരം രീതി അത്യാവശ്യമാണെന്ന് ഇന്ദിര കരുതി. ചടുലവും ജനാധിപത്യപരവുമായിരുന്ന ഇന്ത്യയുടെ പൊതുസമൂഹം പൊടുന്നനെ നിശബ്ദമായി. നിയമസംവിധാനം സമ്മര്‍ദ്ദത്തിന് കീഴ്പ്പെടുകയും മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, പ്രതിപക്ഷ നേതാക്കള്‍ എന്നിവര്‍ തടവിലാക്കപ്പെടുകയും ചെയ്തു.

സഞ്ജയ് ഗാന്ധിയെയും തരൂര്‍ വിമര്‍ശിക്കുന്നുണ്ട്. സഞ്ജയ് ഗാന്ധി ജനങ്ങളെ നിര്‍ബന്ധിത വന്ധ്യംകരണം നടത്തി. കൂടാതെ വീടുകളും മറ്റും തകര്‍ത്ത് ആയിരക്കണക്കിന് മനുഷ്യരെ പെരുവഴിയിലാക്കിയെന്നും തരൂര്‍ പറയുന്നു. അടിയന്തരാവസ്ഥ ജനങ്ങളോട് ഒരു ഭരണകൂടം എങ്ങനെ ഉത്തരവാദിത്വമില്ലാതെ പെരുമാറിയെന്ന് കാണിച്ചുതരുന്നുവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ഇന്നത്തെ ഇന്ത്യ അഭിവൃദ്ധിപ്പെട്ടുവെന്നും നമ്മള്‍ ജനാധിപത്യം കൂടുതല്‍ ശക്തിപ്പെട്ടുവെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

 

ADVERTISEMENT
error: Content is protected !!