നിപ വ്യാപനം ഒഴിവാക്കാന്‍ ക‌ർശനവും സൂക്ഷ്മവുമായ നടപടികൾ: മന്ത്രി വീണാ ജോര്‍ജ്

(ഫയല്‍ ചിത്രം)

നിപ വ്യാപനം ഒഴിവാക്കാനുള്ള കര്‍ശനവും സൂക്ഷ്മവുമായ നിരിക്ഷണ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ പാലക്കാട് ജില്ലയില്‍ 173 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. അതില്‍ 100 പേര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലും 73 പേര്‍ സെക്കന്‍ഡറി സമ്പര്‍ക്ക പട്ടികയിലുമുണ്ട്. 52 പേര്‍ ഹൈ റിസ്‌കിലും 48 പേര്‍ ലോ റിക്‌സിലുമുള്ളവരാണ്. പാലക്കാട് ഗവ.മെഡിക്കല്‍ കോളേജില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് കര്‍ശന നടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ച് മന്ത്രി വ്യക്തമാക്കിയത്.

പാലക്കാട് നിപ സ്ഥിരീകരിച്ച 38 കാരിയായ തച്ചനാട്ടുകര സ്വദേശിനി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ജില്ലയില്‍ ഇതുവരെ പരിശോധിച്ച അഞ്ച് സാമ്പിളുകളും നെഗറ്റീവ് ആണ്. നാലുപേരുടെ സാമ്പിളുകള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഇന്ന് പരിശോധിക്കും.രോഗബാധ സ്ഥിരീകരിച്ച വ്യക്തിയുടെ വീടിനു ചുറ്റുമുള്ള മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ജില്ലാ കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തില്‍ കൃത്യവും വ്യക്തവുമായ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി മന്ത്രി അറിയിച്ചു. മണ്ണാര്‍ക്കാട് സ്വകാര്യ ക്ലിനിക്കിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭ്യമായ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുന്ന വ്യക്തിയെ കണ്ടെത്താനുള്ള ശ്രമം പൊലീസിന്‍റെ നേതൃത്വത്തില്‍ നടന്നു വരികയാണ്. ഇദ്ദേഹം മലയാളിയല്ലായെന്നും ഇദ്ദേഹത്തിന്‍റെ മൊബൈല്‍ സിഗ്നല്‍ മലപ്പുറം കേന്ദ്രീകരിച്ച് ലഭ്യമായതായും മന്ത്രി അറിയിച്ചു.

ADVERTISEMENT