ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ചിറ്റണ്ട പൂങ്ങോട് പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടം. റോഡിലേക്ക് മരങ്ങള്‍ പൊട്ടി വീണും മരങ്ങള്‍ വീടിന് മുകളിലേക്ക് കടപുഴകി വീണുമാണ് നാശം സംഭവിച്ചിരിക്കുന്നത്. ചിറ്റണ്ട തലശേരി റോഡില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തേക്ക് മരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തില്‍ മരം മുറിച്ച് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ചിറ്റണ്ട വടക്കേക്കര പ്രകാശന്റെ വീടിന് മുകളിലേക്ക് മാവിന്റെ കൊമ്പ് പൊട്ടിവീണ് വീടിന്റെ ഒരു വശവും ശൗചാലയവും തകര്‍ന്നു. ചിറ്റണ്ട പാക്കത്ത് സിന്ധുവിന്റെ പറമ്പിലെ മരം കടപുഴകി വീണു.