സുനിത അരവിന്ദന് ചെയര്‍പേഴ്‌സനാകാന്‍ സാധ്യത തെളിയുന്നു

ഗുരുവായൂര്‍ നഗരസഭയില്‍ സി.പി.എമ്മിലെ സുനിത അരവിന്ദന്‍ ചെയര്‍പേഴ്‌സനാകാന്‍ സാധ്യത തെളിയുന്നു. മൂന്ന് സീറ്റ് മാത്രം നേടിയ സി.പി.ഐക്ക് ഒരു വര്‍ഷത്തെ വൈസ് ചെയര്‍പേഴ്‌സന്‍ സ്ഥാനത്തില്‍ തൃപ്തിയടയേണ്ടി വരും. സി.പി.എമ്മിന്റെ ചെയര്‍പേഴ്‌സന്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്ന ദേവിക ദിലീപ് തെരഞ്ഞെടുപ്പില്‍ പരാജയപെട്ടതിനെ തുടര്‍ന്നാണ് എല്‍.ഡി.എഫില്‍ കടുത്ത ആശയക്കുഴപ്പം ഉടലെടുത്തത്. മൂന്ന് പേരുകളാണ് ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നത്. രണ്ട് തവണ കൗണ്‍സിലറും അഞ്ച് വര്‍ഷം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനമായിരുന്ന സി പി എമ്മിലെ ബിന്ദു അജിത്
കുമാറിന്റെ പേരായിരുന്നു പ്രഥമ പരിഗണനയിലുണ്ടായിരുന്നത്.

ഇവര്‍ തൈക്കാട് ലോക്കല്‍ കമ്മിറ്റിയംഗമാണ്. എന്നാല്‍ തൈക്കാട് മേഖലയിലേക്ക് ചെയര്‍പേഴ്‌സന്‍ സ്ഥാനം നല്‍കുന്നതില്‍ മറ്റ് മൂന്ന് ലോക്കല്‍ കമ്മിറ്റികളും അതൃപ്തി രേഖപ്പെടുത്തി. എല്‍.ഡി.എഫിന് കൂടുതല്‍ സീറ്റുകള്‍ നേടിയ പൂക്കോട് മേഖലയെ പരിഗണിക്കണമെന്ന ആവശ്യം ശക്തമായി. ഇതേ തുടര്‍ന്നാണ് പൂക്കോട്കാരിയായ സുനിതക്ക് നറുക്ക് വീണത്. നാളെ രാവിലെ പത്തിന് നഗരസഭ ടൗണ്‍ ഹാളിലാണ് കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ. ഇതിന് ശേഷം എല്‍.ഡി.എഫ് യോഗം അന്തിമ തീരുമാനമെടുക്കും. 27നാണ് ചെയര്‍പേഴ്‌സന്‍ വൈസ് ചെയര്‍പേഴ്‌സന്‍ തെരഞ്ഞെടുപ്പ്.

 

ADVERTISEMENT