കടപ്പുറം ഗ്രാമപഞ്ചായത്ത് 2024 – 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം ആരംഭിച്ചു. പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കന്‍ അധ്യക്ഷയായി. ഗുരുവായൂര്‍ എലൈറ്റ് ലിഷര്‍ ലാന്റിലാണ് നീന്തല്‍ പരിശീലനം ഒരുക്കിയിരിക്കുന്നത്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറോളം കുട്ടികളാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. വിവിധ സമയക്രമങ്ങളിലായി, വിദഗ്ധരായ നീന്തല്‍ പരിശീലകരുടെ നേതൃത്വത്തിലാണ് പരിശീലന ക്ലാസുകള്‍ നടക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശുഭ ജയന്‍, മെമ്പര്‍മാരായ അബ്ദുല്‍ ഗഫൂര്‍, സുനിതാ പ്രസാദ്, ഷീജ രാധാകൃഷ്ണന്‍, ക്ലര്‍ക്ക് അലിമോന്‍ കെ കെ, ഇന്‍ചാര്‍ജ് ഓഫീസര്‍ ബിജില സുനില്‍ എന്നിവര്‍ സംബന്ധിച്ചു.