മുംബൈ ഭീകരാക്രമണ കേസിലെ സൂത്രാധാരന്‍ തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയില്‍ എത്തിക്കും. തഹാവൂര്‍ റാണയുമായി യുഎസില്‍ നിന്നുള്ള പ്രത്യേക വിമാനം ഉച്ചയോടെ ഡല്‍ഹിയില്‍ എത്തും. തിഹാര്‍ ജയിലിലാകും പാര്‍പ്പിക്കുക. റാണയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ (NIA) ആവശ്യപ്പെടും.
തിഹാര്‍ ജയിലില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ യുഎസ് സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് റാണ യെ ഇന്ത്യക്ക് കൈമാറിയത്.
റാണയെ ഇന്ന് ഡല്‍ഹിയിലെ പട്യാല ഹൗസ് പ്രത്യേക എന്‍ ഐ എ കോടതിയില്‍ ഹാജരാക്കും. റാണയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ ആവശ്യപ്പെടും. ചോദ്യം ചെയ്യലില്‍ മുംബൈ ഭീകരാക്രമണ കേസില്‍ മറ്റ് പ്രതികളുടെ പങ്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും എന്നാണ് ഏജന്‍സികളുടെ കണക്കുകൂട്ടല്‍. റാണയെ കൈമാറുന്നതിന്റ ഭാഗമായി സുരക്ഷ, നിയമപരമായ അവകാശങ്ങള്‍, ജയില്‍ സാഹചര്യങ്ങള്‍ എന്നിവയെക്കുറിച്ച് ഇന്ത്യ യുഎസ് അധികൃതര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.