വെളിയങ്കോട് പൂക്കൈത കടവില്‍ പ്രവര്‍ത്തിച്ചിരുന്ന ചേരിക്കല്‍ ബാലന്റെ ചായക്കട കത്തിനശിച്ചു

വെളിയങ്കോട് പൂക്കൈത കടവില്‍ പ്രവര്‍ത്തിച്ചിരുന്ന ചേരിക്കല്‍ ബാലന്റെ ചായക്കട കത്തിനശിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. രാവിലെ കട തുറക്കാന്‍ വേണ്ടി വന്നപ്പോഴാണ് ബാലന്‍ വിവരമറിഞ്ഞത്. തുടര്‍ന്ന് അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചെങ്കിലും ഇവര്‍ എത്തും മുമ്പേ ഏതാണ്ട് പൂര്‍ണമായി കത്തിയമര്‍ന്നു. കടയ്ക്കുള്ളില്‍ ഉണ്ടായിരുന്ന പാചക വാതക സിലിണ്ടറുകളിലേക്ക് തീ പിടിക്കാത്തതിനാല്‍ വലിയൊരു അപകടം ഒഴിവായി. ഓലയും ടാര്‍പോളിന്‍ ഷീറ്റും കൊണ്ട് നിര്‍മിച്ച ചായക്കട പൂര്‍ണമായി കത്തിയമര്‍ന്നു. 25 വര്‍ഷമായി വെളിയങ്കോട് പൂക്കൈത കടവില്‍ ചായക്കച്ചവടം നടത്തിവരുകയാണ് ബാലന്‍. എന്നാല്‍ ഈയിടെയായി മൂന്നുപ്രാവശ്യം ആണ് ചായക്കട സാമൂഹ്യ ദ്രോഹികള്‍ അഗ്നിക്കിരയാക്കാനുള്ള ശ്രമം നടത്തിയത്. ആകെയുള്ള ഉപജീവന മാര്‍ഗ്ഗം തകര്‍ന്നതോടെ ഇനിയെന്ത് ചെയ്യണമെന്നറിയാതെ പകച്ചിരിക്കുകയാണ് ബാലന്‍. ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പൊന്നാനി പോലീസില്‍ പരാതി നല്‍കി.

ADVERTISEMENT