ഗുഡ്സ് വാഹനമിടിച്ച് റോഡില്‍ വീണ എരുമയുടെ ശരീരത്തില്‍ കയറിയ ടെമ്പോ ട്രാവലര്‍ നിയന്ത്രണം വിട്ട് അരിക് ഭിത്തിയിലിടിച്ച് നിന്നു. വാഹനം മറിയാതിരുന്നതിനാല്‍ അപകടം ഒഴിവായി. കേച്ചേരി ചിറനെല്ലൂരില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കേച്ചേരി – അക്കിക്കാവ് ബൈപ്പാസില്‍ ചിറനെല്ലൂര്‍ കത്തോലിക്കാ ദേവാലയത്തിന് സമീപത്ത് വെച്ചാണ് സംഭവം. ഏരുമയും കുഞ്ഞും റോഡിന്റെ വശത്ത് കൂടി നടന്ന് പോകുകയായിരുന്നു. ഇതിനിടെ ഏരുമ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ, അമിത വേഗതയിലെത്തിയ ഗുഡ്സ് വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ് കിടന്ന ഏരുമയുടെ ശരീരത്തിലൂടെ കയറി നിയന്ത്രണം വിട്ടാണ് വാഹനം അരിക് ഭിത്തിയിലിടിച്ചത്. വിനോദയാത്രയ്ക്കായ് പോവുകയായിരുന്ന മരത്തംകോട് സ്വദേശികളാണ് ട്രാവലറിലുണ്ടായിരുന്നത്. യാത്രികര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഏരുമയെ ഇടിച്ചു തെറിപ്പിച്ച വാഹനം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.