കുന്നംകുളം കുറുക്കൻ പാറയിൽ ആൾതാമസം ഇല്ലാത്ത ഷീറ്റ് മേഞ്ഞ വീടിന് തീപിടിച്ചു. കുറുക്കൻപാറ സ്വദേശി കുറുക്കൻപാറ വീട്ടിൽ ശ്രീനിവാസന്റെ മകൻ 47 വയസ്സുള്ള ഷൈജുവിന്റെ ഷീറ്റ് മേഞ്ഞ വീടിനാണ് തീപിടിച്ചത്. ശനിയാഴ്ച്ച രാത്രി 8 മണിയോടെയാണ് സംഭവം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. തീ ആളിപ്പടരുന്നത് കണ്ടതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായതിനെ തുടർന്ന് കുന്നംകുളം അഗ്നി രക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. കാലപ്പഴക്കം മൂലം താമസ യോഗ്യമല്ലാത്ത വീടിനാണ് തീപിടിച്ചത്. ഈ വീടിനു സമീപത്തുള്ള വീട്ടിലാണ് ഷൈജുവും കുടുംബവും താമസിക്കുന്നത്. എല്ലാ ദിവസവും തീ പിടിച്ച വീട്ടിൽ വിളക്ക് വെക്കാറുണ്ടെന്ന് പറയുന്നു. ഈ വിളക്കിൽ നിന്നാകാം ആളിപ്പടർന്നത് എന്നാണ് പ്രാഥമിക നിഗമനം. വിവരമറിയിച്ചതിനെ തുടർന്ന് കുന്നംകുളം അഗ്നി രക്ഷാസേന സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചു. സ്റ്റേഷൻ ഓഫീസർ വിജയകൃഷ്ണൻ, സീനിയർ ഫയർ ആൻഡ് റെസ്ക് ഓഫീസർ ഡിക്സൺ മാത്യു,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആർകെ ജിഷ്ണു, ശരത്ത് സ്റ്റാലിൻ, സി. ഹരികുട്ടൻ, വിഷ്ണുദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാസേന സംഘമാണ് തീ അണച്ചത്