‘പിണറായിയുടെ തിരക്കഥയില്‍ അജിത് കുമാറിന്റെ സംവിധാനം’; പൂരം അലങ്കോലമായതില്‍ എസ്‌ഐടി റിപ്പോര്‍ട്ടിനെതിരെ കെ മുരളീധരന്‍

തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഗൂഡാലോചന തള്ളിക്കൊണ്ടുളള എസ്‌ഐടി റിപ്പോര്‍ട്ടിനെതിരെ രൂക്ഷ പ്രതികരണവുമായി കെ മുരളീധരന്‍. റിപ്പോര്‍ട്ട് പൂര്‍ണമായും തെറ്റാണ്. ഒരു വരി പോലും അംഗീകരിക്കില്ല. ശരിക്കുമുളള സംഭവങ്ങള്‍ ലൈവായി കേരളവും ഇന്ത്യയും മുഴുവന്‍ കണ്ട കാഴ്ച്ചയാണ്. പോലീസ് ഉദ്യോഗസ്ഥര്‍ പൂരം കലക്കുന്നതിന്റെ കാഴ്ച്ചകള്‍ എല്ലാ ചാനലുകളിലും ലൈവായി കാണിച്ചതാണ്. ഇതിനെയെല്ലാം മറച്ചു വച്ച് അജിത് കുമാറിനെ രക്ഷിക്കാന്‍ വേണ്ടി മുഖ്യമന്ത്രി എഴുതിയ തിരക്കഥയാണ് റിപ്പോര്‍ട്ടെന്നും ആ തിരക്കഥയുടെ സംവിധായകന്‍ അജിത്കുമാറാണെന്നും മുരളീധരന്‍ പറഞ്ഞു. ഈ റിപ്പോര്‍ട്ട് വി എസ് സുനില്‍കുമാറും സിപിഐ യും അംഗീകരിക്കുമോ. തിരഞ്ഞെടുപ്പടുത്തിരിക്കെ പൂരം കലക്കിയത് പോലീസുകാരല്ലെന്നു തെളിയിക്കാന്‍ വേണ്ടി ഉണ്ടാക്കിയ വ്യാജ റിപ്പോര്‍ട്ടാണിത്. ഇത്രയും നഗ്്‌നമായ ഒരു സത്യത്തിനെ തെറ്റായി ചിത്രീകരിച്ചുകൊണ്ട് ഇത്രയും വഷളായ റിപ്പോര്‍ട്ടുണ്ടാക്കിയവരേക്കാള്‍ വഷളന്മാര്‍ വേറെയില്ല. പൂരം കലക്കിയത് അജിത്കുമാറും പോലീസും തന്നെയാണ്. അതിന്റെ കൂടെ ആരൊക്കേ നിന്നുവെന്ന് മാത്രമേ നോക്കേണ്ടൂ. അതുകൊണ്ടാണ് സിബിഐ അന്വേഷിക്കണമെന്നും, കേരളത്തിലെ പോലീസ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്നും തങ്ങള്‍ ആദ്യമേ പറഞ്ഞതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ADVERTISEMENT