തൃശൂര്‍ റവന്യു ജില്ലാ കായികോത്സവം; ഇ.ജെ. സോണിയക്ക് ഇരട്ടി മധുരം

കളംമാറി ചവിട്ടിയ ഇ.ജെ. സോണിയക്ക് ഇരട്ടി മധുരം. വേഗതക്ക് കോട്ടം തട്ടാതിരിക്കാന്‍ 400 മീറ്ററില്‍ നിന്നും മാറി തിരഞ്ഞെടുത്ത ഹൈജമ്പില്‍ തിളങ്ങി ഇ.ജെ. സോണിയ. സീനിയര്‍ പെണ്‍ വിഭാഗം ഹൈജമ്പിലാണ് ആളൂര്‍ ആര്‍എംഎച്ച്എസ്എസിലെ സോണിയ സര്‍ണം നേടിയത്. നേരത്തെ 100, 200, 400 മീറ്ററുകളിലായിരുന്നു മത്സരിച്ചിരുന്നത്. എന്നാല്‍ 400 മീറ്ററിലെ മത്സരത്തിന് വരുന്ന വേഗത കുറവ് മനസിലാക്കിയാണ് കോച്ച് അരുണ്‍ കെ. അരവിന്ദാക്ഷന്‍ ഹൈജമ്പിലേക്ക് മാറ്റി പരീക്ഷിച്ചത്.

400 മീറ്ററിന് വരുന്ന സമയം കൂടുതലും വേഗത കുറവും സോണിയക്ക് 100, 200 മീറ്റര്‍ ഇനങ്ങളില്‍ വേഗത കുറവിന് കാരണമായിരുന്നു. ഇത് പരിഹരിക്കുന്നതിനായിട്ടാണ് മറ്റൊരു ഇനം തിരഞ്ഞെടുത്തത്. മാറ്റി പരീക്ഷിച്ച വര്‍ഷം തന്നെ സ്വര്‍ണം നേടിയ മധുരമാണ് സോണിയക്ക്. കഴിഞ്ഞ വര്‍ഷം 100, 200, 400 മീറ്റര്‍ ഇനങ്ങളില്‍ ഒന്നാമതാണ് സോണിയ. കഴിഞ്ഞ സംസ്ഥാന കായിക മേളയില്‍ 200 മീറ്ററില്‍ മൂന്നാമതും 100 മീറ്ററില്‍ ആറാമതും ഫിനിഷ് ചെയ്തിരുന്നു. പ്ലസ് ടു വിദ്യാര്‍ഥിയായ സോണിയ വ്യാഴാഴ്ച നടന്ന സീനിയര്‍ പെണ്‍ വിഭാഗം 100 മീറ്ററില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. പൂപ്പത്തി എളന്തോളി വീട്ടില്‍ ജോസഫ്-സജിത ദമ്പതികളുടെ മകളാണ്.

ADVERTISEMENT