സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. ഇതോടെ പവന്റെ വില 88,000 രൂപക്ക് അടുത്തെത്തി. ഉച്ചക്ക് ശേഷം ഗ്രാമിന് 55 രൂപ വര്‍ധിച്ച് 10930 രൂപയായി. പവന്റെ വില 440 രൂപ വര്‍ധിച്ച് 87,440 രൂപയിലെത്തി പുതിയ റെക്കോഡിട്ടു. ചൊവ്വാഴ്ച ഉച്ചക്കു ശേഷം നടന്ന വ്യാപാരത്തില്‍ സ്വര്‍ണ വില ഇടിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് രാവിലെ തിരിച്ചുകയറിയ സ്വര്‍ണ വില വീണ്ടും റെക്കോഡിലെത്തി. ഗ്രാമിന് 110 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. പവന് 880 രൂപ വര്‍ധിച്ച് 87,000 രൂപയായി ഉയര്‍ന്നു.
ആഗോള വിപണിയിലും സ്വര്‍ണവില ഉയര്‍ന്നു. യു.എസ് ഷട്ട്ഡൗണിനെ തുടര്‍ന്നുള്ള ആശങ്കയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തിയതോടെയാണ് വില ഉയര്‍ന്നത്. സ്‌പോട്ട് ഗോള്‍ഡിന്റെ വില 0.4 ശതമാനം ഉയര്‍ന്ന് 3,872.87 ഡോളറായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.7 ശതമാനം ഉയര്‍ന്ന് 3,901.40 ഡോളറായും ഉയര്‍ന്നു.
യു.എസിലെ ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന് കനത്ത തിരിച്ചടി നല്‍കി ധനബില്‍ കഴിഞ്ഞ ദിവസവും പാസാക്കാനായില്ല. ഇതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ യു.എസ് ഭരണകൂടം ഷട്ട്ഡൗണിലേക്ക് നീങ്ങും. ഇതേതുടര്‍ന്ന് അവശ്യസേവനങ്ങളൊഴികെ മറ്റ് സര്‍ക്കാര്‍ സേവനങ്ങളുടെയെല്ലാം പ്രവര്‍ത്തനം നിലക്കുന്ന സാഹചര്യമുണ്ടാവും. ധനബില്‍ സെനറ്റില്‍ പാസാക്കാന്‍ കഴിഞ്ഞ ദിവസവും ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും ഡെമോക്രാറ്റുകളുടെ പിന്തുണ ഇല്ലാത്തതിനാല്‍ നീക്കം പരാജയപ്പെടുകയായിരുന്നു.
ധനബില്‍ പാസാകണമെങ്കില്‍ ഏഴ് ഡെമോക്രാറ്റിക് അംഗങ്ങളുടെ പിന്തുണ വേണം. എന്നാല്‍, രണ്ട് അംഗങ്ങള്‍ മാത്രമാണ് ബില്ലിനെ പിന്തുണച്ചത്. സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് പോയേക്കാമെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ബൈഡന്‍ ഭരണകാലത്ത് ഉണ്ടായിരുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ധനബില്ലിനെ ഡെമോക്രാറ്റുകള്‍ എതിര്‍ക്കുന്നത്.