23.6 C
Kunnamkulam
Tuesday, August 25, 2026
Home CCTV Desk ഇന്ന് റബീഉല്‍ അവ്വല്‍ 12 ; ലോകമെങ്ങും നബിദിനാഘോഷം

ഇന്ന് റബീഉല്‍ അവ്വല്‍ 12 ; ലോകമെങ്ങും നബിദിനാഘോഷം

6

ഇന്ന് റബീഉല്‍ അവ്വല്‍ 12. ലോകമാകെ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പ്രവാചകന്റെ തിരുജനനം ആഘോഷിക്കുന്ന നബിദിനം. മാനവികതയുടെയും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം ലോകത്തിന് പകര്‍ന്നേകിയ പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1501ആം ജന്മദിനം അഥവാ മീലാദു ഉന്‍-നബി ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെയാണ് ആഘോഷിക്കുന്നത്.
ഹിജ്‌റ കലണ്ടര്‍ പ്രകാരം റബീഉല്‍ അവ്വല്‍ 12ന് സുബഹിയോട് അടുത്ത സമയത്താണ് പ്രവാചകന്റെ ജനനം. മസ്ജിദുകളിലും മദ്രസകളിലും പ്രവാചക കീര്‍ത്തനങ്ങള്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ എന്നിവ ഇതിന്റെ ഭാഗമായി നടത്തുന്നുണ്ട് . പ്രവാചകന്റെ ജീവചരിത്രത്തെക്കുറിച്ചും അധ്യാപനങ്ങളെക്കുറിച്ചുമുള്ള പ്രഭാഷണങ്ങളും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കൊടിതോരണങ്ങളാല്‍ അലങ്കരിച്ചും, മസ്ജിദുകള്‍ ദീപാലകൃതമാക്കിയും ഈ മാസത്തോട് ആദരവ് പ്രകടിപ്പിക്കാറുണ്ട്. ഇന്നേ ദിവസം പുലര്‍ച്ചെ പള്ളികളില്‍ പ്രത്യേക മൗലീദുകളും പ്രാര്‍ത്ഥനകളും നടത്താറുണ്ട്. തെരുവുകളിലൂടെ കുട്ടികളും മുതിര്‍ന്നവരും പങ്കെടുക്കുന്ന മനോഹരമായ മീലാദ് റാലികളും റാലിക്ക് അകമ്പടിയായി ഇസ്ലാമിക കലാപരിപാടികളും അരങ്ങേറുന്നു.പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നബിദിനത്തില്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. പ്രവാചകന്റെ സമാധാനത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം ജീവിതത്തില്‍ പകര്‍ത്തുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ആശംസകള്‍ അറിയിക്കാറുണ്ട് .മനസ്സുകളില്‍ നന്മയും സാഹോദര്യവും വളര്‍ത്താനും, സ്‌നേഹത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാനും നബിദിനാഘോഷങ്ങള്‍ പ്രചോദനമാകുന്നു. മന്നലാംകുന്ന് പള്ളിയില്‍ പുലര്‍ച്ചെ നാല് മണിക്ക് മഹല്ല് ഖത്തീബ് മന്‍സൂര്‍ അലി ദാരിമിയുടെ നേതൃത്വത്തില്‍ മൗലീദ് സദസ്സ് ഉണ്ടായി. വിശ്വാസികളായ മഹല്ല് നിവാസികള്‍ പങ്കെടുത്തു. തുടര്‍ന്ന് വിവിധ മദ്രസകളുടെ നേതൃത്വത്തില്‍ നബിദിന റാലിയും അരങ്ങേറി. മഴ നബിദിന റാലിക്ക് മാറ്റ് കുറച്ചെങ്കിലും മദ്രസ കുരുന്നുകളുടെയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ ഫ്‌ലവര്‍ ഷോ, ദഫ് മുട്ട്, സ്‌കൗട്ട്, തുടങ്ങിയവയുടെ അകമ്പടിയോടുകൂടി ആയിരുന്നു നബിദിന റാലി നടത്തിയത്. വിവിധ മദ്രസകളിലെ അധ്യാപകരും മഹല്ല് ഖത്തീബ് മാരും നബിദിന സന്ദേശങ്ങള്‍ നല്‍കി.

ADVERTISEMENT
error: Content is protected !!