ചാവക്കാട് ഗതാഗത കുരുക്ക് പതിവാകുന്നുവെന്നും പരിഹാരം കാണണമെന്നും താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യം.

ചാവക്കാട് ഗതാഗത കുരുക്ക് പതിവാകുന്നുവെന്നും പരിഹാരം കാണണമെന്നും താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യം. മുതുവട്ടൂര്‍ കോടതി പരിസരം മുതല്‍ ചാവക്കാട് ബൈപ്പാസ് വരെ ഗതാഗത തടസ്സം പതിവാണെന്നും ഓവുങ്ങലില്‍ പ്രവര്‍ത്തിക്കുന്ന സുഡിയോ എന്ന സ്ഥാപനത്തിലേക്കുള്ള വാഹനങ്ങളുടെ വരവ് മൂലം ഗതാഗത തടസ്സം രൂക്ഷമാകുന്നുവെന്നും ഇതിന് പരിഹാരം കാണണമെന്നും ഐ.എന്‍.സി. പ്രതിനിധി കെ. എച്ച്. ഷാഹുല്‍ഹമീദ് പറഞ്ഞു.ഓവുങ്ങല്‍ മുതല്‍ ആശുപത്രിപ്പടി വരെ അനധികൃത പാര്‍ക്കിംഗ് ഉള്ളതിനാല്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയാണ്. വിഷയത്തില്‍ തഹസില്‍ദാറും യോഗം കണ്‍വീനറുമായ എം.കെ. കിഷോര്‍ ചാവക്കാട് പോലീസിനും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിനും കത്ത് നല്‍കുമെന്ന് അറിയിച്ചു. മൂന്നാംകല്ല് വട്ടേക്കാട് റോഡില്‍ വിള്ളല്‍ രൂപപ്പെട്ടതായി കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സ്വാലിഹ ഷൗക്കത്ത് പറഞ്ഞു.ചാവക്കാട് പുതിയ പാലത്തില്‍ കുഴികള്‍ രൂപപ്പെടുന്ന സംഭവം എന്‍.എച്ച്. അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എന്‍സിപി പ്രതിനിധി എം.കെ. ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു. പാവര്‍ട്ടി വില്ലേജ് ഓഫീസിന് മതിയായ കെട്ടിടസൗകര്യമില്ല, തെരുവ് നായ ശല്യത്തിന് പരിഹാരം കാണുക, സ്വകാര്യ ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ കുത്തിനിറച്ചു കൊണ്ടുപോകുന്ന വിഷയത്തില്‍ നടപടി സ്വീകരിക്കുക, പാവറട്ടി- കുണ്ടുകടവ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നു.

ADVERTISEMENT