വേലൂര്‍ കീഴ്തണ്ടിലത്ത് നിന്ന് മാരക മയക്കമരുന്നായ എം.ഡി.എം.എയുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തലക്കോട്ടുക്കര സ്വദേശി കറപ്പംവീട്ടില്‍ 22 വയസുള്ള നാസില്‍, കുന്നംകുളം വെസ്റ്റ് മങ്ങാട് പാക്കത്ത് വീട്ടില്‍ 32 വയസുള്ള പ്രജീഷ് എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 40 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കീഴ് തണ്ടിലത്തുള്ള വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവര്‍ക്ക് മയക്കമരുന്ന് കച്ചവടമുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച രാത്രി 10 മണിയോടെ പോലീസ് കീഴ്തണ്ടിലത്തുള്ള വീട്ടില്‍ മിന്നല്‍ പരിശോധന നടത്തിയാണ് ഇവരെ പിടികൂടിയത്. പ്രതികളെ പിന്നീട് എരുമപ്പെട്ടി പോലീസിന് കൈമാറി. വിദേശത്തായിരുന്ന നാസില്‍ രണ്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്.