ഗുരുവായൂര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡണ്ടും നഗരസഭ മുന്‍ വൈസ് ചെയര്‍മാനുമായ ടി.എന്‍. മുരളിക്കുനേരെ കുരുമുളക് സ്‌പ്രേ പ്രയോഗം. അജ്ഞാതന്റെ അപ്രതീക്ഷിത ആക്രമണത്തെ തുടര്‍ന്ന് മുരളി ചികിത്സ തേടി. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച വൈകിട്ട് ഏഴര യോടെയാണ് സംഭവം. വീട്ടിലേക്കുള്ള വഴിയിലൂടെ നടന്നു പോകുന്നതിനിടെ പുറകില്‍ എത്തിയാണ് അക്രമി കുരുമുളക് സ്‌പ്രേ ചെയ്തത്. കണ്ണിലും മുഖത്തും നീറ്റല്‍ അനുഭവപ്പെട്ടതോടെ നിലവിളിക്കുകയും അയല്‍വാസികള്‍ ഓടിയെത്തുകയുമായിരുന്നു. നാട്ടുകാര്‍ പിന്തുടര്‍ന്നതോടെ അക്രമി കാറില്‍ കയറി രക്ഷപ്പെട്ടു. കാറിനെ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. ആക്രമണ കാരണം വ്യക്തമല്ലെന്ന് മുരളി പറഞ്ഞു. പോലീസ് മേഖലയിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് വരികയാണ്.



