എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് ലോക പുഞ്ചിരിദിനമായി ആഘോഷിക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ നാലിനാണ് ലോക പുഞ്ചിരിദിനം. ‘ദയയോടെ പെരുമാറുക. ഒരാളെ പുഞ്ചിരിക്കാന്‍ സഹായിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ പുഞ്ചിരിദിനത്തിന്റെ പ്രമേയം.
ചരിത്രം
1963ല്‍ മസാച്യുസെറ്റ്‌സിലെ വോര്‍സെസ്റ്ററില്‍ നിന്നുള്ള ഒരു ബിസിനസ് ഇല്യുസ്‌റ്റേറ്ററായ ഹാര്‍വി ബോള്‍ ആണ് ‘സ്‌മൈയിലി ഫെയ്‌സ് ചിഹ്നം’ ലോകത്ത് ആദ്യമായി പരിചയപ്പെടുത്തിയത്. ഇത് വലിയ തോതില്‍ വാണിജ്യപരമായി ഉപയോഗിക്കപ്പെട്ടതോടെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം നഷ്ടപ്പെട്ടതായി അദ്ദേഹം കരുതി. തുടര്‍ന്നാണ്, പുഞ്ചിരിക്കായി ഒരു ദിനം സമര്‍പ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.
1999ലാണ് ലോക പുഞ്ചിരി ദിനം ആദ്യമായി ആഘോഷിച്ചത്. അതിന് ശേഷം എല്ലാ വര്‍ഷം ഈ ദിനം ആചരിച്ചുവരുന്നു. ഹാര്‍വി ബോള്‍ വേള്‍ഡ് സ്‌മൈല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ലോകമെമ്പാടും പുഞ്ചിരിയും ദയയും പങ്കിടുന്നതിന്റെ പ്രധാന്യത്തിനായി വാദിക്കുന്നു. 2001ല്‍ സ്ഥാപിക്കപ്പെട്ട ഹാര്‍വി ബോള്‍ വേള്‍ഡ് സ്‌മൈല്‍ ഫൗണ്ടേഷനാണ് ലോകപുഞ്ചിരിദിന ആഘോഷ പരിപാടികള്‍ സജീവമാക്കിയത്.