വില്‍പനയ്ക്കായി എത്തിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍. ഒരുമനയൂര്‍ തൈക്കടവ് സ്വദേശിയായ ശ്രീജേഷ് (25) നെയാണ് ചാവക്കാട് പോലീസ് പിടികൂടിയത്. ചാവക്കാട് സബ് ഇന്‍സ്‌പെക്ടറായ സജിത്ത് മോനും സംഘവും പട്രോളിങ്ങ് നടത്തുന്നതിനിടയില്‍ മുത്തമ്മാവ് കാരേക്കടവ് ഇരുമ്പുപാലത്തിനടുത്ത് നിന്നിരുന്ന പ്രതിയെ സംശയാസ്പദമായി പിടികൂടുകയായിരുന്നു. 246 ഗ്രാം കഞ്ചാവും 40 ഗ്രാം ഹാഷിഷ് ഓയിലുമാണ് പ്രതിയില്‍ പിടികൂടിയത്. കഞ്ചാവ് തൂക്കികൊടുക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസ്സും പ്രതിയില്‍ നിന്നും കണ്ടെടുത്തു. പ്രതിക്ക് സമാനരീതിയിലുള്ള രണ്ട് കേസുകള്‍ ചാവക്കാട് സ്റ്റേഷനില്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.



