ചരിത്രമുറങ്ങുന്ന കുന്നംകുളത്തിന്റെ മണ്ണില്‍ ഇനി കലാമേളയുടെ രാപകലുകള്‍. മുപ്പത്തഞ്ചാമത് റവന്യൂ ജില്ലാ കലോത്സവത്തിന് കുന്നംകുളത്ത് സജ്ജമാക്കിയ വിവിധ വേദികളില്‍ തുടക്കമായി. കുന്നംകുളം ടൗണ്‍ഹാള്‍ ഒന്നാം വേദിയായി കൊണ്ട് 17 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ജില്ലയിലെ 12 ഉപജില്ലകളില്‍ നിന്നായി എണ്ണായിരത്തോളം പേര്‍ വിവിധ ഇനങ്ങളില്‍ മാറ്റുരയ്ക്കും. നഗരത്തിലെ വിവിധ വിദ്യാലയങ്ങള്‍ക്ക് പുറമേ ടൗണ്‍ഹാള്‍, സി.വി.സ്മാരക ഹാള്‍, സീനിയര്‍ ഗ്രൗണ്ട് സ്റ്റേഡിയം എന്നിവിടങ്ങിലും മത്സരങ്ങളുണ്ട്. കലാമേളയുടെ ആദ്യദിനമായ ചൊവ്വാഴ്ച രചന മത്സരങ്ങള്‍ക്ക് പുറമേ ജനപ്രിയ ഇനങ്ങളായ മോണോ ആക്ട്, നാടകം, കോല്‍ക്കളി, ഒപ്പന, വട്ടപ്പാട്ട്, നാടോടി നൃത്തം, ഗ്രൂപ്പ് ഡാന്‍സ്, ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ മത്സരങ്ങളും നടക്കും. വൈകീട്ട് സ്വര്‍ണ്ണകപ്പുമായുള്ള ഘോഷയാത്ര തൃശ്ശൂരില്‍ നിന്ന് കുന്നംകുളത്തെത്തും. ബുധനാഴ്ച മത്സരങ്ങളില്ല. വ്യാഴാഴ്ച രാവിലെ 9.30ന് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു കലാമേള ഔപചാരികമായി ഉദ്ഘാടനം ചെയ്യും. കവി റഫീഖ് അഹമ്മദ്, ജില്ല കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
കുന്നംകുളത്തിനി കലാപൂരം; തൃശ്ശൂര്‍ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തുടക്കം
ADVERTISEMENT